നിക്ഷേപകർക്ക് വലിയ ആഘാതം: സെൻസെക്സ്-നിഫ്റ്റി തകർച്ചയിൽ

പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ് അനുഭവപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച ആശങ്കകൾ വർധിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് മേൽ ഇതു വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.

വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും വിപണിയെ ബാധിച്ചു. അതേസമയം ഇന്ത്യൻ രൂപയും സമ്മർദ്ദത്തിലായി; ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതോടെ ഇറക്കുമതി ചെലവ്, പ്രത്യേകിച്ച് ക്രൂഡ് ഓയിൽ ചെലവ്, കൂടുമെന്ന ആശങ്ക ഉയർന്നു.

വിപണി തുറന്നപ്പോൾ താനെ സെൻസെക്സ് 2,000 പോയിന്റിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി 24,000 പോയിന്റിനും താഴെയ്ക്ക് കൂപ്പുകുത്തി. മേഖലകളിൽ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി പിഎസ്‍യു ബാങ്ക് സൂചികയിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകളും സമ്മർദ്ദം നേരിട്ടു. നിഫ്റ്റി മിഡ്‌ക്യാപും നിഫ്റ്റി സ്മോൾക്യാപും ഏകദേശം മൂന്ന് ശതമാനം താഴ്ന്നു. ഇതേസമയം നിഫ്റ്റി ഐ.ടി സൂചികയാണ് ഏറ്റവും കുറഞ്ഞ ഇടിവ് രേഖപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെച്ചത്.

Also Read: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് ; അറിയാം ഇന്നത്തെ സ്വർണ്ണവില

നിഫ്റ്റിയുടെ പ്രാരംഭ സൂചന സൂചികയായ ഗിഫ്റ്റ് നിഫ്റ്റിയും താഴ്ന്ന് 23,761.50 പോയിന്റ് ആയി. ഏഷ്യയിലെ മറ്റ് പ്രധാന വിപണികളും കനത്ത ഇടിവ് നേരിട്ടു. ജപ്പാനിലെ നിക്കെയ് 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പിയും താഴ്ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News