
2025ലെ ആഗോള സമാധാന സൂചിക റാങ്കിംഗ് പട്ടിക പുറത്തുവന്നിട്ടുണ്ട്. പട്ടികയിൽ ഇന്ത്യ എവിടെയാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് അറിയാമോ? ആദ്യ നൂറിൽപ്പോലും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ആഗോളതലത്തിൽ 115-ാം സ്ഥാനത്താണ് ഇന്ത്യ. 2.229 എന്ന GPI സ്‌കോറാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 0.58 ശതമാനമാണ് സമാധാനം പുലർത്തുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതി.
പാക്കിസ്ഥാനാകട്ടെ 144-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് 123-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 158-ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി, റഷ്യ രണ്ട് റാങ്കുകൾ താഴേക്ക് ഇറങ്ങി 163-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 2025 ലെ ജിപിഐയിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ സമാധാനമുള്ള രാജ്യമായി റഷ്യ മാറി. ലോകത്തിലെ ഏറ്റവും കുറഞ്ഞ സമാധാനമുള്ള രണ്ടാമത്തെ രാജ്യമായ യുക്രെയ്ൻ 162-ാം സ്ഥാനത്താണ്. 2022 മുതൽ യുക്രെയ്‌നും റഷ്യയും തമ്മിൽ തുടരുന്ന സംഘർഷം ഇരു രാജ്യങ്ങളിലെയും സമാധാനത്തിൽ ഗണ്യമായ കുറവുണ്ടാക്കി.
Also read – ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതിൽ എസ് സി എസ് ടി സംവരണം
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ, ആഗോള സമാധാനത്തിന്റെ ശരാശരി നിലവാരം 0.36 ശതമാനം കുറഞ്ഞതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് പറയുന്നത്. ലോകത്ത് സമാധാനം കുറയുന്നു എന്നുതന്നെയാണ് കണ്ടെത്തൽ. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം
ലോകത്തെ സമാധാനത്തകർച്ച ഇപ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ 17 വർഷത്തിനിടയിൽ, രാജ്യങ്ങളുടെ ശരാശരി സ്കോർ 5.4 ശതമാനം കുറഞ്ഞു, 2008 മുതൽ ആഗോള സമാധാനത്തിൽ സ്ഥിരമായ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഈ വർഷം 74 രാജ്യങ്ങൾ സമാധാനത്തിന്റെ കാര്യത്തിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ഐസ്‌ലാൻഡ് തന്നെയാണ്. 2008 മുതൽ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ പട്ടികയുടെ തലപ്പത്തുണ്ട് ഐസ്ലാൻഡ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here