ട്രംപ് ഇന്ന് അറസ്റ്റിലാകുമോ?

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് അറസ്റ്റിലാകുമെന്ന് സൂചന. ലൈംഗികാരോപണം ഇല്ലാതാക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാകും അറസ്റ്റ്. തനിക്കെതിരായ അറസ്റ്റ് നീക്കത്തില്‍ ട്രംപിന്റെ പ്രതിഷേധാഹ്വാനം കലാപനീക്കമായി മാറുമോ എന്ന ആശങ്കയും ബാക്കിയാവുകയാണ്.

പ്രമുഖ പോണ്‍സ്റ്റാറായ സ്റ്റോമി ഡാനിയേല്‍സ് ഉയര്‍ത്തിയ ലൈംഗികാരോപണം ഒതുക്കി തീര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് കൈക്കൂലി നല്‍കി എന്ന കേസിലാണ് അറസ്റ്റിന് സാധ്യത. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളര്‍ എടുത്ത് കൈക്കൂലി നല്‍കിയത് എന്നാണ് ആരോപണം. പണം നല്‍കിയത് നിഷേധിക്കാത്ത ട്രംപ് സ്വന്തം കൈയില്‍ നിന്നാണ് പണം നല്‍കിയത് എന്നാണ് പറയുന്നത്. കേസില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് വിശ്വസ്തരില്‍ നിന്ന് ചോര്‍ന്നു കിട്ടിയതായതായാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

അറസ്റ്റ് നീക്കം ഉറപ്പിക്കുന്ന വിധത്തില്‍ ന്യൂയോര്‍ക്ക് പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളും ഇടപെടലുകളും ഉണ്ടാകുന്നുമുണ്ട്. അമേരിക്കന്‍ പ്രസിഡണ്ടായിരിക്കെ സര്‍ക്കാരിന്റെ സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടുപോയി സ്വന്തം വസതിയായ മാര്‍ അലാഗോയില്‍ ഒളിപ്പിച്ചുവെന്നും ട്രംപിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

അറസ്റ്റ് നീക്കം പുറത്തറിയിച്ച ഡൊണാള്‍ഡ് ട്രംപ് അതിനെതിരെ പ്രതിഷേധിക്കാനും അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് നീക്കം ഉണ്ടായാല്‍ പ്രതിഷേധം കലാപമായി തെരുവില്‍ പടരുമോ എന്ന ആശങ്കയും ബാക്കിയാവുകയാണ്.

2020ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അമേരിക്കന്‍ ക്യാപിറ്റോള്‍ കെട്ടിടം ആക്രമിക്കുന്നതിലാണ് പര്യവസാനിച്ചത്. ക്യാപിറ്റോള്‍ കലാപത്തിന്റെ ഗൂഡാലോചന കേസില്‍ ഡൊണാള്‍ഡ് ട്രംപും പ്രതിയാണ്. എന്നാല്‍ ട്രംപ് അറസ്റ്റില്‍ ആയാല്‍ അത് വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന് തന്നെ ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട് ട്രംപിന്റെ എതിരാളികളില്‍ ചിലരും ട്രംപിന്റെ പാര്‍ട്ടിയിലെ തന്നെ എതിരാളികളും അറസ്റ്റിനെ ഭയക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News