
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് എ ഐ സി സി നേതൃത്വം വിളിപ്പിച്ചു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, കെ സുധാകരൻ എന്നീ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സമവായ നീക്കങ്ങളാണ് ഹൈക്കമാൻഡ് നടത്തുന്നത്. സമ്മർദ്ദങ്ങളിൽ വഴങ്ങണ്ടെന്ന് ധാരണയായി. പരസ്യ പ്രതികരണങ്ങളിലും ഘടകകക്ഷി സമ്മർദങ്ങളിലും ഹൈക്കമാൻഡ് അതൃപ്തിയിലാണ്. നാളെത്തന്നെ മുഖ്യമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി പദം കെ സി വേണുഗോപാലിനെന്നാണ് സൂചന വരുന്നത്.
അതേസമയം, യുഡിഎഫിലെ മുഖ്യമന്ത്രി തർക്കം എങ്ങുമെത്താതെ നിൽക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളാകെ അവതാളത്തിലാവുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനോ മന്ത്രിസഭ രൂപീകരിക്കാനോ കഴിയാത്ത സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ അവധിക്കാല പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ട്രഷറിയും സ്തംഭനാവസ്ഥയിലേക്ക് പോകുന്നത്.
ALSO READ: ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ആലപ്പുഴയിൽ വീണ്ടും വേണുഗോപാലിന് വേണ്ടി ഫ്ലക്സ്
രാവിലെ മുതൽ ട്രഷറിയിൽ ഇടപാടുകൾ പൂർണമായി മുടങ്ങി. ബില്ലുകൾ മാറുന്നതും പിഎഫ് പിൻവലിക്കുന്നതും അടക്കമുള്ള ഇടപാടുകളാണ് മുടങ്ങിയത്. ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ട്രഷറിയിൽ എത്തിയവർ വലഞ്ഞു. താൽക്കാലികമായ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഉടൻ പരിഹരിക്കാനാകും എന്നുമാണ് അധികൃതരുടെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

