
ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപം നടത്തിയതായി പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാത്യാധിക്ഷേപം ചെയ്‌തെന്നാണ് പരാതി. ‘നിന്നെയൊന്നും വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’ എന്ന് പറഞ്ഞാണ് മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം നടന്നത് ഏപ്രിൽ 28നായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 35 വയസുള്ള ട്രെയ്നിയായ പൈലറ്റിന് അധിക്ഷേപം നേരിടേണ്ടിവന്നത് മേലുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് എന്നാണ് പരാതിയിൽ പറയുന്നത്. ചെരിപ്പ് തയ്‌ക്കാൻ മാത്രമല്ല, ഒരു കാവൽക്കാരനാകാൻ പോലും താൻ യോഗ്യനല്ല എന്ന് അധിക്ഷേപിച്ചെന്നും ട്രയിനി പറഞ്ഞു. തന്നെ രാജിവെപ്പിക്കാൻ മനപ്പൂർവം പറഞ്ഞതാണെന്നും, താൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നറിഞ്ഞുകൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന് പുറമെ കമ്പനിയിൽ നിന്ന് തന്നെ നിരന്തരം വേട്ടയാടിയതായും പൈലറ്റ് പറയുന്നു. കൃത്യമായ കാരണമില്ലാതെ ശമ്പളം കുറയ്ക്കുകയും, നിർബന്ധിതമായി ട്രെയിനിങ്ങുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ മേലുദ്യോഗസ്ഥർ ഉപദ്രവിച്ചിരുന്നതായും എന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ എത്തിക്സ് പാനലിന് മുൻപാകെ പരാതി അറിയിച്ചിരുന്നു, എന്നാൽ ഇതുവരെ ഒരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here