ബാലിയില്‍ അഗ്നിപർവത സ്‌ഫോടനം; നിരവധി വിമാന സർവീസുകൾ റ​ദ്ദാക്കി

കിഴക്കൻ ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അ​ഗ്നിപർവത സ്ഫോടനത്തെ തുടർന്ന് നിരവധി വിമാന സർവീസുകൾ റ​ദ്ദാക്കി. അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 കിലോമീറ്റർ ഉയരത്തിൽ ചാരം പടർന്നതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ബാലി വിമാനത്താവളത്തിന് സമീപമുള്ള ഈസ്റ്റ് നുസാ തെൻഗാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവതമാണ് ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചത്. 1,584 മീറ്ററാണ് (5,197 അടി) അഗ്നിപർവതത്തിന്റെ ഉയരം.

ആകാശത്തേക്ക് ചാരം വ്യാപിക്കുന്നത് 150 കിലോമീറ്റർ ദൂരത്തുനിന്നും ദൃശ്യമായതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള അപകട മേഖല എട്ട് കിലോമീറ്റർ ചുറ്റളവിലേക്ക് വ്യാപിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: റെയിൽവേ ട്രാക്കിൽ വച്ച ബോംബ് പൊട്ടി: പാകിസ്ഥാനിൽ ജാഫർ എക്സ്പ്രസിന്‍റെ ബോഗികൾ പാളം തെറ്റി; ആളപായമില്ല

ഓസ്‌ട്രേലിയൻ നഗരങ്ങളിലേക്കുള്ള ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ, എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർഎയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നിവയും റദ്ദാക്കിയതായി ബാലി അന്താരാഷ്ട്ര വിമാനത്താവളം വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തു.

സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി നിരവധി എയർലൈനുകൾ ബാലിയിലെ എൻഗുര റായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവർത്തനം നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് യാത്രാമധ്യേ തിരികെ വരാൻ നിർദ്ദേശം നൽകുകയും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയതായി എയർലൈൻ സ്ഥിരീകരിച്ചു.

ബാലിയിലേക്കുള്ളതും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി ജെറ്റ്സ്റ്റാർ സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെ പ്രദേശത്തെ ചാരം നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഉച്ചകഴിഞ്ഞുള്ള ചില വിമാനങ്ങൾ വൈകുമെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News