
മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രി ശൃംഖലയായ ഇൻഡോറിലെ എം.വൈ ആശുപത്രിയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന അനാസ്ഥയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരനായ ആദർശിനെ മാതാപിതാക്കൾക്ക് സ്ട്രെച്ചറിൽ റോഡിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ആംബുലൻസോ ആശുപത്രി ജീവനക്കാരുടെ സഹായമോ ലഭിക്കാത്തതിനെത്തുടർന്ന് ആയിരുന്നു കുട്ടിയെ ഇവർക്ക് കത്തുന്ന വെയിലിൽ ഒരു കിലോമീറ്ററോളം റോഡിലൂടെ സ്ട്രെച്ചറിൽ തള്ളിക്കൊണ്ടുപോകേണ്ടി വന്നത്.
15 ദിവസമായി എം.വൈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദർശിനെ വിദഗ്ധ പരിശോധനയ്ക്കായി ഒരു കിലോമീറ്റർ അകലെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിനായി ആംബുലൻസോ ഒരു വാർഡ് ബോയിയുടെ സേവനമോ ആശുപത്രി അധികൃതർ നൽകിയില്ല. കത്തുന്ന വെയിലിൽ പിതാവ് സ്ട്രെച്ചർ വലിച്ചപ്പോൾ, അമ്മ തന്റെ ചുരിദാർ ഷാൾ വെള്ളത്തിൽ മുക്കി ആദർശിന്റെ ശരീരത്തിൽ വിരിച്ചാണ് ചൂടിൽ നിന്നും അവനെ സംരക്ഷിച്ചത്.
കഷ്ടപ്പെട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയെങ്കിലും കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ അവിടെയുള്ളവർ തയ്യാറായില്ല. രേഖകൾ പരിശോധിച്ചാൽ മതിയെന്നും അഡ്മിഷൻ ആവശ്യമില്ലെന്നും പറഞ്ഞ് ഇവരെ തിരിച്ചയച്ചു. ഇതോടെ വീണ്ടും അതേ വെയിലിലൂടെ കുട്ടിയെ സ്ട്രെച്ചറിൽ തന്നെ പഴയ വാർഡിലേക്ക് തിരികെ എത്തിക്കേണ്ടി വന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏത് ആശുപത്രിയിൽ നിന്നാണ് കുട്ടിയെ മാറ്റാൻ നിർദ്ദേശിച്ചതെന്ന് അന്വേഷിക്കുകയാണെന്നും എം.വൈ ആശുപത്രി സൂപ്പർവൈസർ ഡോ. അശോക് യാദവ് അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇൻ-ചാർജ് ഡോ. പീയുഷ് പഞ്ചാരിയയും വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടികൾ ചിലവഴിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കിടയിലും സാധാരണക്കാർ നേരിടുന്ന ഈ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്
എം.വൈ ആശുപത്രിയിൽ ഇത്തരത്തിൽ അനാസ്ഥയുണ്ടാകുന്നത് ഇതാദ്യമല്ല. 2026 ഫെബ്രുവരിയിൽ ആശുപത്രി കവാടം അടച്ചതിനെത്തുടർന്ന് രോഗിയെ റോഡിലൂടെ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടി വന്നിട്ടുണ്ട്. ജനുവരിയിൽ ഐവി കാന്യൂല മാറ്റുന്നതിനിടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ നഴ്സ് അശ്രദ്ധമായി മുറിച്ചുമാറ്റിയിരുന്നു. അതുപോലെ തന്നെ ആശുപത്രിയിലെ എൻഐസിയുവിൽ നവജാതശിശുക്കൾക്ക് എലി കടിയേറ്റ സംഭവം വലിയ വിവാദമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

