
യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാവും. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഇത് സംബന്ധിച്ച് പി എ മുഹമ്മദ് റിയാസ് എം എൽ എ നോട്ടീസ് നൽകി.
അടിയന്തര പ്രമേയമായിട്ടാവും വിഷയം സഭയിൽ ഉന്നയിക്കുക. പകർച്ചവ്യാധി നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് നോട്ടീസിൽ പറയുന്നു. സംസ്ഥാനത്ത് പകർച്ച വ്യാപനം അതിരൂക്ഷമായി പെരുകുകയാണ്. ഇന്നും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചികിത്സയിലായിരുന്ന ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത (45) ആണ് മരിച്ചത്. ഇവർ അങ്കണവാടി ജീവനക്കാരിയാണ്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനവും രൂക്ഷമാണ്. ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ് ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്. കൂടാതെ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

