ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഈ മാസം 20 നകം അപേക്ഷകയ്ക്ക് നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോര്‍ട്ട് ഓഫീസറുടെ നിലപാട് കമ്മിഷന്‍ തള്ളി .വിവരം ഫയലില്‍ ഉണ്ടായിരുന്നിട്ടും നല്കാതിരിക്കാനാണ് മാരിറ്റൈം ബോഡ് ശ്രമിച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു.വിവരങ്ങള്‍ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ വിവരാവകാശ കമ്മിഷന് എഴുതി നല്കി.

2013 മുതല്‍ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താല്‍ തകര്‍ന്ന രജിസ്‌ട്രേഷനുള്ള ഹൗസ് ബോട്ടുകളില്‍ എത്രയെണ്ണം പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി, 2018-2023 കാലത്ത് ഹൗസ്‌ബോട്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സമര്‍പ്പിച്ച ഫോറത്തിന്റെ പകര്‍പ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങള്‍ക്കുളള വിവരങ്ങള്‍ രേഖ പകര്‍പ്പ് സഹിതം നല്കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. നടപടി വിവരം 25 നകം കമ്മിഷന് സമര്‍പ്പിക്കണം.

വിദ്യാഭ്യാസ ഡപ്യൂടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വര്‍ഷത്തെ നിയമന ശുപാര്‍ശാരേഖകള്‍, കേഡര്‍ സ്ട്രങ്ങ്ത് രജിസ്റ്റര്‍, നിയമന ഉത്തരവുകള്‍ എന്നിവ കണ്ടെത്താന്‍ ചട്ട പ്രകാരം പൊലീസില്‍ പരാതി നല്കി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കായംകുളം കരീലക്കുളങ്ങര ഒറകാരിശേരില്‍ എന്‍.നസ്‌റിന്‍ഖാന്റെ പരാതിയിലാണ് നിര്‍ദ്ദേശം.

കൃഷ്ണപുരം കെ.എം ഇക്ബാല്‍ ഖാന്റെ പരാതി തീര്‍പ്പാക്കാന്‍ കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേയ് 23 ന് തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരില്‍ കാണാന്‍ നിര്‍ദ്ദേശിച്ചു. പുലിയൂര്‍ കൃഷി ഭവനമായി ബന്ധപ്പെട്ട് പി. എസ്.ചന്ദ്രദാസിന്റെ പരാതിയില്‍ കമ്മിഷനു മുന്നില്‍ ഹാജരാകാതിരുന്ന ജില്ലാ കൃഷി ഓഫീസറെ സമന്‍സയച്ച് വരുത്തും.

മുഹമ്മ ഗ്രാമപഞ്ചായത്തില്‍ വിവരം നല്‍കാന്‍ 27 രൂപക്ക് പകരം 870 ഈടാക്കിയ ഓഫീസറെ കമ്മിഷന്‍ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫീസര്‍ സ്വന്തം കൈയ്യില്‍നിന്ന് തിരികെനല്‍കണമെന്നും കമ്മിഷണര്‍ എ.എ.ഹക്കിം ഉത്തരവായി. മൂന്നു കേസുകളില്‍ വിവരങ്ങള്‍ തല്‍ക്ഷണം ലഭ്യമാക്കി. നാലെണ്ണത്തില്‍ ഒരാഴ്ചയ്ക്കകം വിവരം നല്‍കാമെന്ന് ഓഫീസര്‍മാര്‍ എഴുതി നല്‍കിയത് അനുവദിച്ചു. ആകെ പരിഗണിച്ച 20ല്‍ 19 കേസുകളും തീര്‍പ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News