
അപൂർവരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുരുന്നകളെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ പദ്ധതിയാണ് കെയർ. കേരള യുണൈറ്റഡ് എഗൈൻസ്റ്റ് റെയർ ഡിസീസ് (Kerala united Against Rare Diseases) എന്നാണ് കെയറിന്റെ പൂർണരൂപം. കെയറിലൂടെ ജീവിതത്തിലേക്ക് പിച്ച വെക്കുന്ന കുഞ്ഞ് മുറാദിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് മന്ത്രി വീണാ ജോർജ്.
ഫേസ്ബുക്ക് പോസ്റ്റ്
കുഞ്ഞ് മുറാദ് പിച്ച വെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് ഏറ്റവും സന്തോഷം നൽകിയത്. രണ്ട് വയസും പത്ത് മാസവുമാണ് മുറാദിന്‍റെ പ്രായം. ‘ഇച്ഛ, ആഗ്രഹം’ എന്നീ അർത്ഥങ്ങളുണ്ട് മുറാദ് എന്ന പേരിന്. ജനിച്ച ശേഷമുള്ള ആദ്യ മാസങ്ങളിൽ അവന് തന്‍റെ കുഞ്ഞികൈകളും കാലുകളും അനക്കാൻ പോലുമാകുമായിരുന്നില്ല.
പേശികളുടെ ചലനശേഷി നഷ്ടപ്പെടുത്തുന്ന സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന അപൂർവ്വരോഗമാണ് കാരണം. അന്ന് പറയാനാകുമായിരുന്നില്ലെങ്കിലും മുറാദ് ഏറ്റവും ‘ആഗ്രഹി’ച്ചത് ഇഷ്ടത്തിന് അനുസരിച്ച് കൈകാലുകൾ ഇളക്കാനായിരിക്കും.
വളരെ ചെലവേറിയതാണ് എസ്എംഎ ചികിത്സ.
Also Read: അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി
2024 ജനുവരിയിൽ കെയർ (Kerala united Against Rare Diseases) പദ്ധതി ആരംഭിക്കുമ്പോള്‍ ഇങ്ങനെയുള്ള അനേകം കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയും അവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. കെയറിലൂടെ മുറാദിന്‍റെ ചികിത്സ ഏറ്റെടുത്തു. നാലാം മാസം മുതൽ തന്നെ മരുന്ന് നൽകി തുടങ്ങി.
രണ്ടര വർഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാൻ നമുക്കായി. മുറാദ് ഇപ്പോൾ തന്‍റെ കുഞ്ഞി കൈകളും കാലും കൊണ്ട് ഭക്ഷണം കഴിക്കും, കളിക്കും. തന്‍റെ മാതാപിതാക്കളെ തലോടും. മുറാദിനെ പോലെ ഒരുപാട് കുരുന്നുകളെ കൈ പിടിച്ച് നടത്താൻ കെയർ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ഇനിയും കുറേ കുഞ്ഞുങ്ങളിലേക്ക് പദ്ധതിയെത്തിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും സർക്കാരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

