ഇടതു മുന്നണിയെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐഎൻഎൽ

INL

ഇടതു മുന്നണിയെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഐ എൻ എൽ. ദേശീയതലത്തിൽ ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയത അതിൻ്റെ ബീഭൽസ മുഖങ്ങൾ തുറന്നു കാട്ടുന്ന ഈ സന്ദിഗ്ദ ഘട്ടത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനുള്ള നീക്കം ഏത് ഭാഗത്തു നിന്നായാലും അതിനെ മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർ കോവിൽ എം എൽ എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ഇക്കാര്യം ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നര വർഷമായി പ്രതിപക്ഷം ഒരു വിഭാഗം ഇടതു വിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിവന്ന കുപ്രചാരണങ്ങളെ പുതിയ ശൈലിയിൽ അവതരിപ്പിച്ച് കേരളത്തിൻ്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റാൻ പി വി അൻവർ എം എൽ എക്ക് കഴിഞ്ഞത് അദ്ദേഹം എൽ ഡി എഫിൻ്റെ ഭാഗമായതുകൊണ്ടാണ്. അദ്ദേഹം ഉയർത്തിയ ചില വിഷയങ്ങൾ സർക്കാർ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നാണ് പൊതുസമൂഹം മനസ്സിലാക്കുന്നത്. എന്നാൽ അൻവറിൻ്റെ ആത്യന്തിക ലക്ഷ്യം മുന്നണിയുടേയൊ സർക്കാറിൻ്റേയോ നയപരമായ വ്യതിയാനം തിരുത്തുകയല്ല, മറിച്ച് ഇടതു മുന്നണിയുടേയും സർക്കാറിൻ്റെയും തകർച്ചയാണെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തോടെ സമർത്ഥിക്കപ്പെട്ടു. ജനാധിപത്യത്തിൻ്റെയും സാമാന്യ മര്യാദയുടേയും സകല സീമകളും ലംഘിച്ചാണ് അൻവർ ഇടതു നേതൃത്വത്തെ കടന്നാക്രമിച്ചത്. പ്രതിപക്ഷത്തിൻ്റെ കോടാലി പിടിയായി സ്വയം തരം താഴുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ALSO READ: സ്വർണകടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാൾ ആയി അൻവർ മാറി: വി കെ സനോജ്

2021 ലെ ഭരണ തുടർച്ച മുതൽ അങ്ങേയറ്റത്തെ കുൽസിത അജണ്ടകളുമായി മുഖ്യമന്ത്രിയേയും കുടുംബണേയും ലക്ഷ്യമിട്ട് വലതുപക്ഷ പാർട്ടികളും ഇടതു വിരുദ്ധ മീഡിയയും നടത്തി പോന്ന ആരോപണങ്ങൾ പുതിയ ലാബലിൽ ശത്രുസംഹാരത്തിനു വേണ്ടി പ്രയോഗിക്കാനാണ് അൻവർ ആവേശം കാട്ടിയത്. അതിന് വേണ്ടി ഉപയോഗിച്ച ഭാഷയാകട്ടെ ധാർഷ്ട്യത്തിൻ്റെയും ധിക്കാരത്തിൻ്റെതുമായിപ്പോയി. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ആ ശൈലി എത്ര തീപ്പന്തമായി കത്തിയാലും സ്വയം നാശത്തിലാവും കാലാശിക്കുക. അതേ സമയം ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന രാം മാധവുമായും എ ഡി ജി പി അജിത് കുമാർ പലവട്ടം ചർച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ചുള്ള അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി പോലിസ് മേധാവിക്കെതിരെ നടപടി സ്വീകരിച്ച് മത നിരപേക്ഷ വിശ്വസികളുടെ ആശങ്ക ദുരീകരിക്കേണ്ടതുണ്ട്. തൃശൂർ പൂരം കലക്കുന്നതിന് നേതൃത്വം കൊടുത്തതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരേയും ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് സംഘപരിവാർ രാഷ്ട്രീയത്തിന്ന് എതിരായ ഇടത് സർക്കാറിൻ്റെ പ്രതിജ്ഞാബദ്ധമായ നിലപാട് ജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ വൃത്തികെട്ട കളികളും തുറന്നു കാട്ടപ്പെടേണ്ടതാണ്. കൃത്യമായ ആശയാടിത്തറ ഇല്ലാത്ത വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിൻ്റെ പരിമിതികളും അപായ സാധ്യതകളും മനസ്സിലാക്കി വേണം മേലിലെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നയം സ്വീകരിക്കേണ്ടതെന്ന പാഠമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കൈമാറുന്നതെന്ന് ഐ എൻ എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News