
നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മും ബി.ജെ.പിയും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഇത് പിണറായി സർക്കാരിൻ്റെ പത്തു വർഷത്തെ ഭരണ നേട്ടങ്ങളെയും വികസന കുതിപ്പിനെയും കുറിച്ചുള്ള ചർച്ച അട്ടിമറിക്കാനുള്ള കുൽസിത അജണ്ടയുടെ ഭാഗമാണെന്ന് ഐഎൻഎൽ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും കള്ള പ്രചാരണങ്ങളെ വേദവാക്യങ്ങളായി അവതരിപ്പിച്ച് ചില മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് നടത്തുന്ന ആസൂത്രിത നീക്കം ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെയ്ക്കുന്ന വികസന ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവാണെന്ന് വ്യക്തമാണ്.
ബി.ജെ.പിയുടെ ബി-ടീമായി സ്വയം തരംതാഴുകയും ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിച്ച് ആർ.എസ്.എസിന്റെ ഗുഡ് ബുക്കിൽ കയറിക്കൂടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ എന്തുകൊണ്ട് ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും കൈവിട്ടുവെന്ന് നന്നായി അറിയുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ആർ.എസ്.എസുമായി ചേർത്ത് പറയുന്നത് യു.ഡി.എഫിന്റെ കള്ളക്കളികൾ കെെയ്യോടെ പിടികൂടിയത് കൊണ്ടുതന്നെയാണ്.
Also read: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നത് വ്യാജ പ്രചാരണം
ബിജെപിയുടെ ‘കൈ’ സഹായമില്ലാതെ ഒരിഞ്ച് മുന്നോട്ടു പോവാൻ സാധിക്കില്ലെന്ന ബോധ്യമുള്ള വി.ഡി സതീശൻ, പിണറായി വിജയൻ ആർ.എസ്.എസിന്റെ ഏജൻ്റാണെന്ന് നിസ്സങ്കോചം ആരോപിക്കുമ്പോൾ അദ്ദേഹത്തിൻ്റെ തൊലിക്കട്ടിയെ ഓർത്ത് പരിതപിക്കുകയേ നിർവാഹമുള്ളു. സംഘ്പരിവാർ നേതാക്കളെ തൊഴുതു വണങ്ങാനും അവരുടെ സകല പരിപാടികളിലും പങ്കെടുത്ത് ആശീർവദിക്കാനും ആവേശം കാട്ടുന്ന സതീശൻ കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ. സുധാകരനെ പോലെ ആർ.എസ്.എസിന്റെ കാവലാളും രക്ഷാകർത്താവുമാണ്.
ഇടതുമുന്നണിയെ അധികാരത്തിൽനിന്ന് താഴെയിറക്കിയാലേ കോൺഗ്രസ് – ബി.ജെ.പി ബാന്ധവം പുഷ്ക്കലിക്കുകയുള്ളുവെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും കോലീബിയുടെ പഴയ പ്രേതം ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

