
കോഴിക്കോട് : രാജ്ഭനിലെ ഔദ്യോഗിക ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയെ പ്രതിഷ്ഠിച്ച് പൂജ നടത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ വേദിയിൽ വെച്ച് തന്നെ പ്രതിഷേധിക്കുകയും തന്‍റെ നിലപാട് തുറന്നു പറഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടേത് ധീരമായ നീക്കമാണെന്ന് ഐ എൻ എൽ. മന്ത്രിയുടെ ചെയ്തി പ്രോട്ടോകോൾ ലംഘനമാണെന്ന ഗവർണറുടെ വിധിയെഴുത്ത് അപ്പടി തള്ളിക്കളഞ്ഞതും മതനിരപേക്ഷ ശക്തികളെ ആവേശം കൊള്ളിക്കുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിലോമ ആശയങ്ങൾ നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ. ഭരണഘടനയുടെ കാവലാളായി സങ്കൽപ്പിക്കപ്പെടുന്ന ഗവർണറുടെ ആസ്ഥാനം ആർ എസ് എസ് ശാഖയായി അധ:പതിച്ചു കൂടാ. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പോരാട്ട വീര്യത്തോടെ എതിർക്കുകയും ചെയ്യേണ്ടത് ഭരണഘടനാ മൂല്യങ്ങളിലും മതേതര വ്യവസ്ഥയിലും വിശ്വസിക്കുന്നവരുടെ ബാധ്യതയാണ്.
ALSO READ; ‘ആർ എസ് എസ് അടയാളങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലമല്ല രാജ്ഭവൻ’: എം വി ഗോവിന്ദൻ മാസ്റ്റർ
മന്ത്രി ശിവൻകുട്ടി ഈ ദിശയിൽ കാണിച്ച ധീരതയും ആർജ്ജവം പ്രശംസിക്കപ്പെടുന്നതിനു പകരം പരോക്ഷമായി ഗവർണ്ണറുടെ ഹിന്ദുത്വ സമീപനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾ ബി ജെ പി യുടെ ബി ടീമാവാനാണ് ശ്രമിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here