ആ നിറചിരി ഇനിയില്ല, ഇന്നസെന്റിന് വിട

കേരളത്തിന്റെ കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു

മുന്നൂറോളം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റ് മലയാളത്തിലെ എക്കാലത്തെയും മികച്ച സ്വഭാവ- ഹാസ്യ നടന്മാരിൽ ഒരാളായിരുന്നു. സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും വിജയിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അടിയുറച്ച ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇന്നസെന്റ് 1979ൽ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്ന് കൗൺസലറായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ ചാലക്കുടി മണ്ഡലത്തിൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെടു. കോൺഗ്രസിന്റെ കരുത്തനായ നേതാവ് പിസി ചാക്കോയയെയാണ് ഇന്നസെന്റ് അന്ന് പരാജയപ്പെടുത്തിയത്.

താരസംഘടനയായ അമ്മയെ 18 വര്‍ഷത്തോളമാണ് ഇന്നസെന്‍റ് മുന്നില്‍ നിന്ന് നയിച്ചത്. താരസംഘടന പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴെല്ലാം നേതൃപാടവത്തോടെ അതെല്ലാം പരിഹരിക്കാന്‍ ഇന്നസെന്‍റിന് കഴിഞ്ഞിരുന്നു. അന്യഭാഷാ സിനിമ മേഖലകൾക്ക് പോലും മാതൃകയാക്കാൻ കഴിയുന്ന രീതിയില്‍ താരസംഘടനയെ ഉയർത്തുന്നതില്‍ ഇന്നസെന്‍റിന്‍റെ സംഘടശേഷി തന്നെയാണ് കരുത്തായയത്.

രോഗം മൂർച്ഛിച്ച് ആരോഗ്യനില മോശമാകുന്നതുവരെ ഇടതുവേദികളിലെ സ്ഥിരസാനിധ്യമായിരുന്നു ഇന്നസെൻ്റ് .തൻ്റെ രോഗാവസ്ഥ പരിഗണിക്കാതെ പോലും അദ്ദേഹം ഇടതു സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങിയിരുന്നു. സർഗ്ഗശേഷിയുള്ള ഒരു കലാകാരനെ മാത്രമല്ല, നിലപാടുകളുള്ള ഒരു പൊതു പ്രവർത്തകനെ കൂടിയാണ് ഇന്നസെൻ്റിൻ്റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here