‘നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ മുഴുകുമ്പോൾ ആയിരങ്ങൾ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്’: ചർച്ചയായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

സിജെപി പ്രതിഷേധം ദില്ലിയിൽ മുറുകുകയാണ്. നിരവധി പേരാണ് ഈ സമരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്. ഭിന്നശേഷിക്കാരായ ആളുകൾ വരെ സമരത്തിനെ പിന്തുണച്ച് രം​ഗത്തെത്തിയത് നമ്മൾ കണ്ടു. എന്നാൽ ആയിരക്കണക്കിനാളുകൾ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യുമ്പോഴും നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ മറ്റും മുഴുകിയിരിക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് പലർക്കും. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സ്റ്റോറീസ് ഓഫ് എ സിനേഫിലെ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ലോകകപ്പ് അവസാനിച്ചു. ഉറക്കമില്ലാത്ത രാവുകൾ അവസാനിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള രാജ്യങ്ങൾക്കായുള്ള ചർച്ചകളും റീലുകളും ഹാഷ്‌ടാഗുകളും ആഘോഷങ്ങളും നിരാശകളും അവസാനിച്ചു. ഇനി ചുറ്റുമൊന്ന് കണ്ണോടിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. യഥാർത്ഥ മത്സരം അവസാനിച്ചിട്ടില്ലെന്ന് പോസ്റ്റിൽ പറയുന്നു. അത് ഇവിടെ, നമ്മുടെ സ്വന്തം നാട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ തെരുവിലാണ്. ലക്ഷക്കണക്കിന് ആളുകളുടെ ഭാവിയെ ബാധിക്കുന്ന ഒരു വിഷയത്തിൽ യുവാക്കൾ സർക്കാരി​ന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുകയാണെന്ന് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിലെ വൈരുധ്യം വേദനാജനകമാണെന്ന് പോസ്റ്റിൽ പറയുന്നു. നമ്മൾ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരു രാജ്യത്തിനായി ആവേശത്തോടെ സംസാരിക്കാൻ നമുക്ക് കഴിയുമെന്നും എന്നാൽ സ്വന്തം ആളുകൾ എന്തിനാണ് പോരാടുന്നതെന്ന് മനസ്സിലാക്കാൻ പോലും നമ്മൾ മടിക്കുന്നതായും പോസ്റ്റിൽ പറയുന്നു.

ഒരു പ്രസ്ഥാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്നത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അതാണ് ജനാധിപത്യം. എന്നാൽ ഒന്നും അറിയാതിരിക്കാൻ, ശ്രദ്ധിക്കാതിരിക്കാൻ, എന്താണ് സംഭവിച്ചതെന്ന് ചോദിക്കാതിരിക്കുന്നത് നാം സ്വയം ചോദ്യം ചെയ്യേണ്ട ഒന്നാണെന്ന് പോസ്റ്റിൽ പറഞ്ഞു.

പ്രതിഷേധത്തിന് എത്തിയ പല മനുഷ്യരും നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയതാണ്. പ്രശസ്തിക്കോ ഫോളോവേഴ്‌സിനോ ബ്രാൻഡ് കൊളാബറേഷനുകൾക്കോ വേണ്ടിയല്ല. മറിച്ച് ഇന്ന് തങ്ങൾ സംസാരിച്ചില്ലെങ്കിൽ നാളെ മറ്റൊരു വിദ്യാർത്ഥിക്കും ഇതേ ഗതി വരുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണതെന്നും ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറയുന്നു.

Also Read: പാറ്റകൾക്കൊപ്പമല്ല; മാറി നിന്ന് പ്രതിഷേധിച്ച് കോൺ​ഗ്രസ്

പിന്നെ നമ്മളിൽ ദശലക്ഷക്കണക്കിന് ആളുകളുണ്ട്. സ്റ്റോറികൾ കാണ്ട്, റീലുകൾ സ്ക്രോൾ ചെയ്ത്, മീമുകൾ കണ്ട് ചിരിക്കുന്നു, അടുത്ത സിനിമയുടെ ടീസറിനായി കാത്തിരിക്കുന്നു, ഒന്നും സംഭവിക്കാത്ത മട്ടിൽ നടിക്കുന്നു. ഏറ്റവും വലിയ പ്രിവിലേജ് എന്നത് പണമല്ല, ഇതൊന്നും നമ്മളെ ബാധിക്കാത്തതുപോലെ ജീവിക്കുമ്പോൾ, നമ്മുടെ അവകാശങ്ങൾക്കായി മറ്റാരോ പോരാടുമെന്ന് വിശ്വസിക്കാൻ കഴിയുന്നതാണതെന്ന് പോസ്റ്റിൽ പറയുന്നു.

ഇന്ന് നാം അനുഭവിക്കുന്ന ഓരോ അവകാശവും നിലനിൽക്കുന്നത് നമുക്ക് മുമ്പുള്ള ആരോ നിശബ്ദരായിരിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ്. ആരോ മാർച്ച് ചെയ്തു, ആരോ പ്രതിഷേധിച്ചു, ആരോ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ചു. മറ്റുള്ളവർക്ക് അന്തസ്സോടെ ജീവിക്കാൻ വേണ്ടി ആരോ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി. ഇന്ന് തെരുവിൽ നിൽക്കുന്ന മനുഷ്യർ തങ്ങൾക്കുവേണ്ടി മാത്രമല്ല പോരാടുന്നത്. തങ്ങൾ കണ്ടിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് അവർ പോരാടുന്നത്. തട്ടിപ്പുകളോ ക്രമക്കേടുകളോ അല്ല, മറിച്ച് കഠിനാധ്വാനമാണ് തങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കേണ്ടതെന്ന് സ്വപ്നം കാണുന്ന മാതാപിതാക്കൾക്ക് വേണ്ടിയാണതെന്നും പോസ്റ്റിൽ പറഞ്ഞു.

നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചുരുങ്ങിയ കാര്യം, ഇതിൽ നിന്ന് കണ്ണടച്ചു കളയാതിരിക്കുക എന്നതാണ്. നിങ്ങൾ എല്ലാ ആവശ്യങ്ങളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിനപ്പുറം, എന്താണ് സംഭവിക്കുന്നത് എന്ന് ചുരുങ്ങിയപക്ഷം മനസ്സിലാക്കുകയും വായിക്കുകയും ചോദ്യം ചെയ്യുകയും ചർച്ച ചെയ്യുകയും വേണമെന്ന് പോസ്റ്റിൽ പറയുന്നു. സാധ്യമെങ്കിൽ പോരാടുക, നിശബ്ദത ഏറ്റവും വലിയ ഉത്തരമായി മാറാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.

ഒരു ദിവസം, ഈ തലമുറയിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ നമ്മുടെ യുവാക്കൾ എന്താണ് ചെയ്തതെന്ന് വരുംതലമുറ ചോദിക്കുമ്പോൾ, ‘മറ്റുള്ളവർ നമ്മുടെ ഭാവി സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഫുട്ബോൾ ടീമുകളെ പ്രതിരോധിക്കുന്ന തിരക്കിലായിരുന്നു’ എന്നാകരുത് നമ്മുടെ ഉത്തരം എന്ന് താൻ പ്രത്യാശിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ടീമുകളെ പിന്തുണയ്ക്കാൻ നമ്മൾ കാണിക്കുന്ന ആവേശത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സ്വന്തം നാട്ടുകാരുടെ പോരാട്ടങ്ങൾ മനസിലാക്കാൻ മാറ്റിവെച്ചിരുന്നെങ്കിൽ, ഒരുപക്ഷേ മികച്ച ആരാധകർ എന്നതിനൊപ്പം മികച്ച പൗരന്മാരാകാനും നമുക്ക് സാധിച്ചേനെയെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഈ രാജ്യത്തിന്റെ ഭാവി, വിരലിലെണ്ണാവുന്ന ഏതാനും ധീരന്മാർ മാത്രം പോരാടേണ്ട ഒന്നായി ഒരിക്കലും മാറരുത്. കാരണം അവർ അവിടെ നിലകൊള്ളുമ്പോൾ, അവർക്ക് വേണ്ടി പോരാടാനല്ല അവർ നമ്മളോട് ആവശ്യപ്പെടുന്നത്. മറിച്ച്, നമ്മുടെ സ്വന്തം കാര്യത്തിൽ ശ്രദ്ധയും കരുതലും കാണിക്കാനാണെന്നും പോസ്റ്റിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News