
നിരവധി ആളുകൾ ദിവസവും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. തങ്ങളുടെ ഉപയോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രഖ്യാപനവുമായിട്ടാണ് കഴിഞ്ഞ ദിവസം മെറ്റ എത്തിയത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചാറ്റ് ഫീച്ചർ 2026 മെയ് 8 ന് ശേഷം നിർത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ ഈ സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ല. പ്ലാറ്റ്‌ഫോമിന്റെ സപ്പോർട്ട് പേജിലൂടെയാണ് ഈ കാര്യം ഇവർ അറിയിച്ചിരിക്കുന്നത്. ഒരു ഉപയോക്താവിന്റെ ചാറ്റ് ഈ സവിശേഷതയ്ക്ക് കീഴിലാണെങ്കിൽ, അവർക്ക് മുൻകൂട്ടി അറിയിപ്പ് ലഭിക്കും, കൂടാതെ അവരുടെ ചാറ്റ് ഡാറ്റ ഡൗൺലോഡ് ചെയ്യാനും ഇതുവഴി കഴിയും.
ഇനി എന്താണ് ഈ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന് നോക്കിയാലോ ? അയച്ചയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഒഴികെ മൂന്നാമതൊരാൾക്ക് സന്ദേശം വായിക്കാന്‍ കഴിയാത്ത ഒന്നാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. പ്ലാറ്റ്‌ഫോം നടത്തുന്ന കമ്പനിക്ക് പോലും ആ സന്ദേശങ്ങൾ കാണാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ സാങ്കേതികവിദ്യ, സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അവയെ ഒരു കോഡാക്കി മാറ്റുകയും സ്വീകർത്താവിന്റെ ഉപകരണത്തിൽ മാത്രമേ ഡീക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നുള്ളൂ. ഹാക്കർമാരിൽ നിന്നും മറ്റും സന്ദേശങ്ങൾക്ക് പൂർണമായും സുരക്ഷാ നൽകുന്ന ഈ ഫീച്ചർ ആണ് ഇപ്പോൾ നിലയ്ക്കാണ് പോകുന്നത്.
ALSO READ: യാത്രക്കിടെ പബ്ലിക് വൈഫൈ ഉപയോഗിക്കാറുണ്ടോ? നിങ്ങളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
സിഗ്നൽ, വാട്ട്‌സ്ആപ്പ് പോലുള്ള നിരവധി പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ പൂർണ്ണമായും സ്വകാര്യമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിൽ എൻക്രിപ്ഷൻ ‘ഡിഫോൾട്ട്’ ആയി ലഭ്യമാണ്. എന്നാൽ, ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കൾ ഈ ഫീച്ചർ പ്രത്യേകം തെരഞ്ഞെടുക്കണം.
2023 ഓടെയാണ് ഇൻസ്റ്റാഗ്രാം അതിന്റെ സന്ദേശമയയ്‌ക്കൽ സംവിധാനത്തിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എത്തിച്ചത്. വളരെ കുറച്ച് ആളുകൾ മാത്രമേ ഈ ഫീച്ചർ ഉപയോഗിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടാണ് കമ്പനി ഈ സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ചതെന്നും മെറ്റ പറഞ്ഞു. ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അവരുടെ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ കമ്പനി മുൻകൂർ അറിയിപ്പുകൾ അയയ്ക്കുന്നുണ്ട്. ഉപയോഗം കുറച്ചതാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഔദ്യോഗികമായി പറയുമ്പോഴും, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് പ്ലാറ്റ്‌ഫോമുകൾക്ക് സന്ദേശമയയ്‌ക്കൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന ചർച്ചകൾ വർധിച്ചുവരികയാണ്.
എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിലൂടെ കടന്നുപോകുമ്പോൾ കമ്പനിക്ക് അവ പരിശോധിക്കാൻ സാധിക്കും. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ ഇത് ഉപകരിക്കുമെന്നാണ് മെറ്റയുടെ മറ്റൊരു വാദം. ഇൻസ്റ്റാഗ്രാമിനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായും വാട്സാപ്പിനെ ഒരു പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായും മാറ്റാനാണ് മെറ്റ ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

