‘അയോധ്യ ഒരു രാഷ്‌ട്രീയ വിഷയം, എന്‍റെ അഭിപ്രായം അങ്ങനെ തന്നെ’; സൈബര്‍ അറ്റാക്കിനെതിരെ സൂരജ് സന്തോഷ്

സ്വന്തം നിലപാടുകളും രാഷ്ട്രീയ സത്യങ്ങളും വിളിച്ചു പറഞ്ഞത് കൊണ്ട് നിരന്തരമായി സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവേണ്ടി വന്ന ഗായകനാണ് സൂരജ് സന്തോഷ്. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ എസ് ചിത്ര സ്വീകരിച്ച നിലപാടിനെയാണ് സൂരജ് സന്തോഷ് വിമർശിച്ചത്. എന്നാൽ ചിത്രയെ വ്യക്തിഹത്യ നടത്തി, ആത്മീയമായ അവരുടെ നിലപാടുകളെ വിമർശിച്ചു എന്ന തരത്തിലാണ് പലരും സൂരജ് സന്തോഷിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണികൾ ഉയർത്തിയത്. ഈ സന്ദർഭത്തിൽ രാഷ്ട്രീയ നിലപാടിൽ വിട്ടുവീഴ്ച വരുത്താത്ത, തെളിച്ചതോടെ പ്രതികരിച്ച സൂരജ് സന്തോഷ് കൈരളി ഓണ്ലൈനിന് നൽകിയ അഭിമുഖം.

അഭിപ്രായം വ്യക്തിപരമല്ല, പൊളിറ്റിക്കൽ ആണ് എന്ന് സൂരജ് സന്തോഷ്‌ ആവർത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട്?

അയോധ്യയുടെ പേരിൽ വരുന്നതെല്ലാം പൊളിറ്റിക്കൽ വിഷയങ്ങൾ തന്നെയാണ്. അതേ രീതിയിൽ തന്നെയാണ് ഞാൻ മറുപടി പറഞ്ഞിട്ടുള്ളതും. ഇത് മുതലെടുത്ത് ഇതിന്മേൽ കലാപമുണ്ടാക്കി മനുഷ്യർക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് എന്നെ വേട്ടയാടുന്നത്. തീവ്ര വലതുപക്ഷമാണ് ഇതിന് പിന്നിൽ, അവർക്ക് ഇങ്ങനെയെ പ്രതികരിക്കാൻ കഴിയൂ. ഫേക്ക് ഐഡികൾ നിർമിച്ചും, അല്ലാതെയും വ്യാജ വാർത്ത ചമച്ചുമാണ് അവർ എല്ലാത്തിനെയും നേരിടുന്നത്.

ജി വേണുഗോപാൽ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ ചിത്രയെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകൾ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാവര്ക്കും അവരവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശങ്ങൾ ഉണ്ട്. പക്ഷെ അത് ഒരു വൈറ്റ് വാഷിങ് രീതിയിലേക്ക് മാറുന്നുണ്ടോ എന്ന് സംശയമുണ്ട്. രാഷ്ട്രീയപരമായ വിഷയത്തിൽ അഭിപ്രായം പറയുമ്പോൾ അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നു. നിഷ്കളങ്കതയിലൂടെ കാര്യങ്ങൾ പറഞ്ഞാൽ ഗൗരവമായ കാര്യങ്ങളും നിഷ്കളങ്കമാകും എന്ന തെറ്റിദ്ധാരണ ശരിയല്ല. എല്ലാവരും വിമർശിക്കട്ടെ, പക്ഷെ സൗകര്യപൂർവം പല കാര്യങ്ങളും മറന്നിട്ട് ഒരാളെ അനുകൂലിക്കുന്ന നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അഭിപ്രായം സ്വാതന്ത്ര്യം എന്നതിനേക്കാൾ ഇതൊരു കൃത്യമായ നിലപാട് എടുക്കേണ്ട വിഷയമല്ലേ, ഇന്ത്യയുടെ മതേതരത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും പള്ളി പൊളിച്ചിടത്ത് പണിത അമ്പലത്തെ അനുകൂലിക്കാൻ കഴിയുമോ?

മാനവികതയിലും, ജനാധിപത്യത്തിലും, മതേതര മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും പള്ളി പൊളിച്ച് അമ്പലം പണിയുന്നതിന് അനുകൂലിക്കാൻ കഴിയില്ല. അയോധ്യ ഒരു രാഷ്ട്രീയ വിഷയമാണ് അതിൽ രാഷ്ട്രീയപരമായ അഭിപ്രായം ഇല്ല എന്ന് പറയുന്നവരെല്ലാം തന്നെ പൊയ്മുഖങ്ങളാണ്.

ചിത്ര എന്ന വ്യക്തിയല്ല സോഷ്യൽ ക്യാപിറ്റൽ ഉള്ള ആര് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചാലും വിമർശിക്കപ്പെടേണ്ടതല്ലേ?

സോഷ്യൽ ക്യാപ്പിറ്റൽ ഉള്ള ഏതൊരു വ്യക്തി ആയാലും ഇത്തരം വിഷയങ്ങളിലെ വിവാദ നിലപാടുകളിൽ വിമർശനങ്ങൾ ഉയർത്താനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അവർക്ക് പറയാനുള്ള സ്വാതന്ത്ര്യം പോലെ നമുക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. സമൂഹത്തിൽ വിലയുള്ള മനുഷ്യരാണ് എന്ന് കരുതി അവരെ വിമർശനങ്ങളിൽ നിന്ന് മാറ്റിനിർത്തനം എന്ന ധ്വനി എവിടെയും ഉണ്ടാവാൻ പാടില്ല.

ആത്മീയതയ്ക്കും വിശ്വാസത്തിനും മുകളിലുള്ള കടന്നു കയറ്റം എന്നാണ് പലരും വിമർശിക്കുന്നത്, ഇവരൊക്കെ അവകാശപ്പെടുന്നതാണോ യഥാർത്ഥ ആത്മീയും വിശ്വാസവും?

ആത്മീയതക്കും വിശ്വാസത്തിനും മുകളിലുള്ള കടന്നുകയറ്റം എന്നൊക്കെ പറയുന്നത് പൊള്ളത്തരമാണ്. ചിത്ര എന്ന ഗായിക നിരവധി ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിനെ ഒരാളും വിമര്ശിച്ചിട്ടില്ല. അവരുടെ വിശ്വാസത്തെയും ആത്മാര്ഥതയെയും ആരും ചോദ്യം ചെയ്തിട്ടില്ല. ഇത് കൃത്യമായി പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുന്നത് സൗകര്യപൂർവം മറന്നുകൊണ്ട് നടത്തുന്ന ഒരു രാഷ്ട്രീയ അഭിപ്രായത്തെയാണ് വിമർശിക്കുന്നത്. അത് ആത്മീയതയുമായി ബന്ധപ്പെട്ടതല്ല. ‘ഹിന്ദു അപകടത്തിലാണ്’ എന്ന സംഘപരിവാറിന്റെ വ്യാജ പ്രചാരണം ഏറ്റുപിടിച്ച് ഇത്തരത്തിലുള്ള ആളുകൾ ഇത് ആത്മീയതയാണ് എന്നൊക്കെ പറഞ്ഞു പരത്താൻ ശ്രമിക്കും. പക്ഷെ യഥാർത്ഥത്തിൽ അത് വർഗീയതയെ കൂട്ടുപിടിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here