‘ഗൂഗിള്‍ ചെയ്യുന്ന ടെക്നോളജിയാണ് ചേര്‍ത്തലയില്‍ ഇരുന്ന് ഞങ്ങള്‍ ചെയ്യുന്നത്’; കേന്ദ്ര ഐ ടി മന്ത്രാലയ പുരസ്‌കാരം നേടിയ ടെക്‌ജെന്‍ഷ്യ സിഇഒ- അഭിമുഖം

അഖില ജി മോഹന്‍

കേന്ദ്ര സര്‍ക്കാരിന്റെ ടെക് ഇന്നവേഷന്‍ ചാലഞ്ചില്‍ തിളക്കമാര്‍ന്ന ജയമാണ് ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ കമ്പനിയായ ടെക്ജന്‍ഷ്യ സ്വന്തമാക്കിയത്. ഐ ടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാന്‍ഡ് ഇന്നവേഷന്‍ ചാലഞ്ചില്‍ 50 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ടെക്‌ജെന്‍ഷ്യ നേടിയത്. ഇ- ഗവേര്‍ണന്‍സിലടക്കം വലിയ ചലനങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തിയുള്ള ടെക്നോളജിയെ കുറിച്ച് കൂടുതല്‍ അറിയാം. ജോസ് സെബാസ്റ്റിയനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും…

കേന്ദ്ര സര്‍ക്കാരിന്റെ ടെക് ഇന്നവേഷന്‍ ചലഞ്ചില്‍ നേടിയത് മിന്നും വിജയം. അതിനെ കുറിച്ച്?

ഇത് ഒരു പുതിയ ടെക്നോളജി ചാലഞ്ച് ആയിരുന്നു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ‘ഭാഷിണി’ എന്ന പേരില്‍ ഇന്ത്യയിലെ ഔദ്യോഗിക ഭാഷകള്‍ക്ക് വേണ്ടി ഒരു എഐ പ്ലാറ്റ്ഫോം തയാറാക്കുന്നുണ്ട്. റിയല്‍ ടൈം ട്രാന്‍സ്ലേഷനും ട്രാന്‍സ്‌ക്രിപ്ഷനും വേണ്ടിയാണ് പ്ലാറ്റ്ഫോം. ഇതിനായി ടെക്ജന്‍ഷ്യ 4 കാര്യങ്ങളാണ് ഡിസൈന്‍ ചെയ്തത്. വീഡിയോ കോണ്‍ഫറിന്‍സിങ്ങില്‍ വ്യത്യസ്ത ഭാഷക്കാര്‍ പങ്കെടുക്കുകയാണെങ്കില്‍ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ നടത്താം. അതിന് രണ്ട് മൂന്ന് പ്രത്യേകതകളുണ്ട്. രണ്ട്് ഭാഗത്തും ട്രാന്‍സ്ലേഷന്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും. അതായത് സപീക്കര്‍ ഒരു ഭാഷക്കാരനും കേള്‍വിക്കാര്‍ വ്യത്യസ്ത ഭാഷക്കാരും ആണെങ്കില്‍ സ്പീക്കര്‍ സൈഡില്‍ ട്രാന്‍സ്ലേഷന്‍ ചെയ്തിടാം. രണ്ടാമത്, റിസീവറിന്റെ ഭാഗത്തും അവരവരുടെ ഭാഷ കേള്‍ക്കുന്ന തരത്തില്‍ ട്രാന്‍സ്ലേഷന്‍ ചെയ്തിടാം. വേറെ എക്സ്റ്റന്‍ഷനുകള്‍ കൂടിയുണ്ട്. യൂട്യൂബ് വീഡിയോകള്‍ മള്‍ട്ടിപ്പിള്‍ ഭാഷകളില്‍ ട്രാന്‍സ്ലേറ്റ് ചെയ്യാം. അന്യഭാഷാ പ്രാസംഗികരില്‍ നിന്ന് ട്രാന്‍സ്ലേറ്റര്‍മാരുടെ സഹായമില്ലാതെ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ നടത്താന്‍ കഴിയും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലെ ട്രാന്‍സ്ലേഷനാണ് ടെക്ജന്‍ഷ്യക്ക് ഒഫീഷ്യല്‍ എന്‍ട്രി ലഭിച്ചത്.

ടെക്‌ജെന്‍ഷ്യ വികസിപ്പിച്ചതിന് പിന്നില്‍?

ടെക്‌ജെന്‍ഷ്യ 2009 മുതല്‍ ഉണ്ട്. ചെറിയ കമ്പനിയായിരുന്നു. രണ്ട് പേര്‍ വെച്ച് തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ 86 പേര്‍ ജോലി ചെയ്യുന്നു. ചേര്‍ത്തലയിലെ ഇന്‍ഫോപാര്‍ക്കിലാണ് പ്രവര്‍ത്തനം. തുടക്കം മുതല്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലായിരുന്നു ഫോക്കസ്. 2020ല്‍ അവാര്‍ഡ് കിട്ടിയതോടെയാണ് ടെക്‌ജെന്‍ഷ്യയുടെ പ്രോഡക്ട് ഇന്ത്യയില്‍ കൂടുതല്‍ പോപ്പുലര്‍ ആയത്. ഐഎസ്ആര്‍ഒ, ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവരൊക്കെ ഇപ്പോള്‍ കസ്റ്റമേഴ്സ് ആണ്.

ഐ ടി രംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും?

സ്റ്റാര്‍ട്ടപ്പുകളുടെ ഹബ്ബാണ് കേരളം. അടുത്ത 5-10 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ സാധ്യതകള്‍ കേരളത്തിലുണ്ട്. ഗ്രോത്ത് ഫേസില്‍ നിരവധി കമ്പനികള്‍ തിരുവനന്തപുരം, കൊച്ചി, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കടന്നുകിട്ടിയാല്‍ വലിയ സാധ്യതകളാണ് നിലവിലുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ ഉപയോഗപ്രദമാക്കാം?

ഇ- ഗവേര്‍ണനന്‍സിന് ഉള്‍പ്പെടെ വലിയ രീതിയില്‍ സഹായകമാകും. കൃത്യമായി ഉപയോഗിക്കാനും ഓഡിറ്റ് ചെയ്യാനും കഴിഞ്ഞാല്‍ വലിയൊരു സെക്കന്‍ഡറി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരാന്‍ കഴിയും. അതിനുള്ള ഇനിഷ്യേറ്റീവ് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം എടുത്തിട്ടുണ്ട്. കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാവാന്‍ പോവുകയാണ്. വെര്‍ച്വല്‍ മീറ്റിങ് വഴി താഴെത്തട്ടില്‍ വരെ ഗവേര്‍ണന്‍സ് എളുപ്പമാക്കാന്‍ കഴിയും. ഒരു സെന്‍ഡ്രലൈസ്ഡ് വീഡിയോ കോണ്‍ഫറന്‍സിങ് സിസ്റ്റം ആയതുകൊണ്ട് അത് ഓഡിറ്റബളും ആയിരിക്കും. ഇ-ഗവേര്‍ണന്‍സില്‍ വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവല്പ്മെന്റാണ് ‘വീ മീറ്റ് കേരള’. ഇതുവഴി കോടിക്കണക്കിന് രൂപ സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയെ കുറിച്ച്?

വലിയ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പ്രത്യേക സഹായം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇന്‍ഫോപാര്‍ക്കില്‍ 5 വര്‍ഷത്തേക്ക് റെന്‍ഡ് ഫ്രീ ആയിട്ടാണ് സ്ഥലം നല്‍കിയിരിക്കുന്നത്. ടെക്‌ജെന്‍ഷ്യയുടെ കാര്യത്തില്‍ വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഒഫീഷ്യല്‍ വീഡിയോ കോണ്‍ഫറന്‍സിങ് ടൂള്‍ ഇപ്പോള്‍ വീ-കണ്‍സോള്‍ ആണ്. ‘വീ നീഡ് കേരള’ എന്ന പേരില്‍ ഐ ടി മിഷന്‍ ഇപ്പോള്‍ വീ കണ്‍സോള്‍ ഉപയോഗിച്ച് തുടങ്ങി.

ജനിച്ചത് ആലപ്പുഴയിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. നേടിയത് വലിയ നേട്ടങ്ങള്‍. അതിന കുറിച്ച്?

ടെക്‌ജെന്‍ഷ്യയിലെ ഇരുപതോളം പേര്‍ തീരദേശ മേഖലയില്‍ നിന്നുള്ളവരാണ്. മനസ്സിലാക്കേണ്ട കാര്യം വീഡിയോ കോണ്‍ഫറന്‍സിങ് ടെക്നോളജി അത്ര എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന സംഗതിയല്ല. ഇന്ത്യയില്‍ തന്നെ അധികം കമ്പനികളില്ല. ഇന്ത്യയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് കോര്‍ ടെക്നോളജി ഞങ്ങള്‍ക്ക് മാത്രമാണുള്ളത്. ഈ മേഖല സങ്കീര്‍ണമാണ്. ഒരുപക്ഷേ ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, സൂം ഇവരൊക്കെ ചെയ്യുന്ന ടെക്നോളജിയാണ് നമ്മുടെ ചേര്‍ത്തലയില്‍ ഇരുന്നുകൊണ്ട് നമ്മള്‍ ചെയ്യുന്നത്. ഒരു ചെറിയ കമ്പനിക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്ന് വരുന്ന കൃത്യമായ ടാലന്റുകള്‍ ഉള്ളതുകൊണ്ടാണ്. കോര്‍ ടെക്നോളജി ഡെവലപ്പ് ചെയ്യാന്‍ ഐഐടികളില്‍ പഠിക്കണമെന്ന് നിര്‍ബന്ധമില്ല. ലോകോത്തര ടെക്നോളജി ഡെവലപ്പ് ചെയ്യാന്‍ നമ്മുടെ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് കഴിവുണ്ട്. നമ്മുടെ സാധാരണ സ്‌കൂളുകളിലും കോളേജുകളിലും പഠിച്ച കുട്ടികളാണ് ഇതൊക്കെ ചെയ്യുന്നത്. കുട്ടികളെ കൃത്യമായി കണ്ടെത്തി പോളീഷ് ചെയ്തെടുത്താല്‍ ‘ദേ ആര്‍ വേള്‍ഡ് ക്ലാസ് എന്‍ജിനീയേഴ്സ്…’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News