
ഐപിഎൽ 2025-ൽ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ നേതൃത്വത്തിൽ കളത്തിൽ ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത് ആറാം കിരീടം. ധോണി കളത്തിലിറങ്ങുമോയെന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രധാന സിഎസ്കെ കാര്യം. കഴിഞ്ഞ സീസണിൽ അഞ്ചാമതായിരുന്നു ചെന്നൈ സൂപ്പർകിങ്സ്. ഇത്തവണ മെഗാ ലേലത്തിന് മുന്നോടിയായി ഗെയ്‌ക്‌വാദ്, ധോണി, രവീന്ദ്ര ജഡേജ, മതീശ പതിരണ, ശിവം ദുബെ എന്നിവരെ സിഎസ്‌കെ നിലനിർത്തി.ലേലത്തിൽ ആർ അശ്വിനെ തിരികെ വാങ്ങിയതാണ് പ്രധാന സംഗതി.
യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ടീമാണ് ചെന്നൈയുടേത്. റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീശ പതിരണ എന്നിവരെല്ലാം കഴിഞ്ഞ സീസണിലും ഉണ്ടായിരുന്നതിനാൽ കൂടുതൽ ഒത്തിണക്കം പ്രതീക്ഷിക്കാം. രാഹുൽ ത്രിപാഠി, സാം കുറാൻ, വെറ്ററൻ രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവരാണ് പുതിയതായി എത്തിയത്.
ബാറ്റിങ്ങിൽ പൊതുവെ ശക്തരാണെങ്കിലും ബോളിങ്ങിൽ ചെന്നൈയ്ക്ക് ന്യൂനതകളുണ്ടെന്നാണ് വിലയിരുത്തൽ. പതിരണയ്ക്ക് പുറമെ ഖലീൽ അഹമ്മദ്, സാം കുറാൻ, നഥാൻ എല്ലിസ് എന്നിവരായിരിക്കും പേസാക്രമണം നയിക്കുക. രവീന്ദ്ര ജഡേജയും ആർ അശ്വിനും നേതൃത്വം നൽകുന്നതാണ് ചെന്നൈയുടെ സ്പിൻ ഡിപ്പാർട്ട്മെന്‍റ്. ബോളിങ്ങിൽ ശക്തനായ ഒരു മാച്ച് വിന്നറുടെ അഭാവം ചെന്നൈ നിരയിലുണ്ട്.
Also Read- ഗില്ലും ബട്ട്ലറും, അമ്പോ അതൊരു ഒന്നൊന്നര കോംബോയാണേ!
സിഎസ്‌കെയുടെ പ്രകടനത്തിൽ ഏറെ നിർണായകമാകുക റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃമികവും ബാറ്റിങ്ങിലെ ഫോമുമായിരിക്കും. എംഎസ് ധോണിയുടെ സാന്നിദ്ധ്യം റുതുരാജ് ഗെയ്‌ക്‌വാദ് എന്ന ക്യാപ്റ്റനെ കൂടുതൽ അപകടകാരിയാക്കിയേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

