ഗില്ലും ബട്ട്ലറും, അമ്പോ അതൊരു ഒന്നൊന്നര കോംബോയാണേ!

Gujarat titans

ഐപിഎലിൽ ചുരുങ്ങിയ കാലംകൊണ്ട് അത്ഭുതങ്ങൾ തീർത്ത ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ആദ്യ മൂന്ന് സീസണുകളിൽ ഒരു കിരീടവും രണ്ട് റണ്ണേഴ്സ് അപ്പും നേടിയ അവർക്ക് പക്ഷേ 2024ൽ പ്ലേഓഫിൽ എത്താനായില്ല. അഞ്ച് വിജയങ്ങളും ഏഴ് തോൽവികളും ഉൾപ്പടെ എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. എന്നാൽ ഇത്തവണ താരലേലത്തിൽ മുഹമ്മദ് സിറാജ് (12.25 കോടി), കഗിസോ റബാഡ (10.75 കോടി), പ്രസിദ് കൃഷ്ണ (9.5 കോടി) എന്നിവരെ സ്വന്തമാക്കി പുതിയ പേസാക്രമണവുമായാണ് അവർ എത്തുന്നത്. ജെറാൾഡ് കോറ്റ്‌സി, ഇഷാന്ത് ശർമ, ഗുർനൂർ ബ്രാർ, ഇടംകൈയ്യൻമാരായ കുൽവന്ത് ഖെജ്‌രോലിയ, അർഷാദ് ഖാൻ എന്നിവരും ഗുജറാത്ത് നിരയിലുണ്ട്.

15.75 കോടി രൂപയ്ക്ക് വാങ്ങിയ ജോസ് ബട്ട്‌ലറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നുള്ള ഓപ്പണിങ്ങ് ജോഡി ആയിരിക്കും ഇത്തവണ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുക. ടി20 പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ടിൻ്റെ ടോപ് സ്‌കോറർ ആയിരുന്നെങ്കിലും ടീമിന്‍റെ മോശം പ്രകടനം കാരണം ബട്ട്ലർക്ക് ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു.

ALSO READ; പരിക്കിന്‍റെ പിടിയിൽ ബോളർമാർ; പന്തിലൂടെ കുതിച്ചുയരാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്

ഐപിഎൽ 2022 ൽ 863 റൺസ് നേടിയ ശേഷം, 2023ലും 2024ലും ബട്ട്‌ലർ 400 കടന്നില്ല. എന്നാൽ കഴിഞ്ഞ വർഷം ഈഡൻ ഗാർഡൻസിൽ കെകെആറിനെതിരെ 224 റൺസ് പിന്തുടുമ്പോൾ നേടിയ സെഞ്ച്വറി ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും തകർപ്പൻ ഇന്നിംഗ്സുകളിലൊന്നാണ്.

ഐപിഎൽ 2023ൽ ഗിൽ 890 റൺസ് നേടിയപ്പോൾ, ഇന്ത്യയുടെ ഭാവി ടി20 ടീമിൽ ഗിൽ ഉറപ്പിച്ചതായി തോന്നി. എന്നാൽ പിന്നീട് കുറച്ചുകാലമായി പ്രതീക്ഷിച്ച ഫോം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്ത ടി20 ലോകകപ്പ് 2024 നേടിയ ടീമിൽ ഗിൽ ഉണ്ടായിരുന്നില്ല. രോഹിതും കോഹ്‌ലിയും ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും, അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഗില്ലിനെ മറികടന്ന് ടീം ഇന്ത്യയുടെ ഓപ്പണർമാരായി. ടീം ഇന്ത്യയുടെ ടി20 ടീമിൽ തിരിച്ചെത്താൻ ഗില്ലിന് മറ്റൊരു ഗംഭീര ഐപിഎൽ സീസൺ ആവശ്യമാണ്.

ടൈറ്റൻസിന് ഗിൽ, ബട്ട്‌ലർ, സായ് സുദർശൻ എന്നിവരുൾപ്പെട്ട ടോപ് ഓർഡർ കരുത്തുറ്റതാണ്. രാഹുൽ ടെവാട്ടിയയിൽ മികച്ച ഒരു ഫിനിഷറും അവർക്കുണ്ട്. മധ്യനിരയിലും ലോവർ ഓർഡറിലും ഷെർഫെയ്ൻ റഥർഫോർഡ്, ഗ്ലെൻ ഫിലിപ്സ് വാഷിംഗ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ, അനുജ് റാവത്ത്, മഹിപാൽ ലോംറോർ എന്നിവരുമുണ്ട്.

ALSO READ; IPL 2025 | സഞ്ജു ആദ്യ മൂന്ന് കളിയിൽ ഇംപാക്ട് പ്ലേയർ; രാജസ്ഥാനെ നയിക്കുന്നത് റിയാൻ പരാഗ്

ബൗളിങ്ങിൽ റബാഡ, റാഷിദ് ഖാൻ എന്നിവരായിരിക്കും ടൈറ്റൻസിന്‍റെ കുന്തമുന. ഐപിഎൽ 2024 അവസാനിച്ചപ്പോൾ, മൂന്ന് ബൗളർമാർ മാത്രമാണ് റാഷിദിനേക്കാൾ കൂടുതൽ ടി20 വിക്കറ്റുകൾ നേടിയത്.എന്നാൽ അവരിൽ ആർക്കും മികച്ച ശരാശരിയോ ഇക്കോണമി നിരക്കോ ഇല്ല. ഈ കാലയളവിൽ 40-ലധികം വിക്കറ്റുകൾ നേടിയ ബൗളർമാരിൽ, റാഷിദിനാണ് മികച്ച ശരാശരിയുള്ളത്.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സുദർശൻ, കഴിഞ്ഞ ഡിസംബറിൽ ഹെർണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ പൂർണമായും ഫിറ്റാണ്. രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടത്തിലും വിജയ് ഹസാരെ ട്രോഫിയുടെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്കേറ്റ ഷാരൂഖും കളിക്കളത്തിലെത്തുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News