
ഐപിഎലിലെ പുതുമക്കാരിൽ ഒന്നാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്. വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണിൽ ഇറങ്ങിയെങ്കിലും ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആദ്യ നാല് കളികളിൽ മൂന്നും ജയിച്ച് തുടങ്ങിയിട്ടാണ്, അവർക്ക് പിന്നിലേക്ക് പോകേണ്ടിവന്നത്. കഴിഞ്ഞ ഐപിഎലിൽ നാല് ടീമുകൾ 14 പോയിന്‍റുമായി ഫിനിഷ് ചെയ്തതിൽ ഒന്ന് ലഖ്‌നൗ ആയിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ നെറ്റ് റൺനിരക്ക് (-0.667) കാരണം അവർ ഏഴാമതാകുകയായിരുന്നു.
ഐപിഎൽ പുതിയ സീസണിന് കളിത്തട്ടുണരുമ്പോൾ 2022, 2023 സീസണുകളിൽ പ്ലേ ഓഫിലേക്ക് നയിച്ച കെ എൽ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ടീമിൽനിന്നും ഒഴിവാക്കിയാണ് ലഖ്‌നൗ വരുന്നത്. ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് വാങ്ങിയ ഋഷഭ് പന്താണ് ഇത്തണ അവരെ നയിക്കുന്നത്. വിശാഖപട്ടണത്ത് പന്തിൻ്റെ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് 2025 ഐപിഎലിൽ എൽഎസ്ജിയുടെ ആദ്യ മത്സരം. ലഖ്‌നൗവിന്‍റെ ഇത്തവണത്തെ ബാറ്റിങ് പ്രതീക്ഷകളത്രയും പന്തിനെ ചുറ്റിപ്പറ്റിയാണ്. മൂന്നാം നമ്പറിലെ പന്തിന്‍റെ മികച്ച റെക്കോർഡിലാണ് അവർ കണ്ണുവെക്കുന്നത്.
Also Read- പോണ്ടിങ്ങ്- ശ്രേയസ് അയ്യര്‍ സഖ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്
നിക്കോളാസ് പൂരൻ, ആയുഷ് ബദോണി എന്നിവരെ നിലനിർത്തുകയും പുതിയതായി എയ്ഡൻ മർക്രമും ഷഹബാസ് അഹമ്മദ് എന്നിവരെ ടീമിലെത്തുകയും ചെയ്തു. ബാറ്റിങ് നിരയ്ക്ക് ആഴമേകാൻ ഡേവിഡ് മില്ലറും അബ്ദുൾ സമദും ടീമിലുണ്ട്. ഏകദിന അരങ്ങേറ്റത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 150 റൺസ് നേടിയ മാത്യു ബ്രീറ്റ്‌സ്‌കെ ഓപ്പണിങ് ഓപ്ഷനായി ടീമിലുണ്ട്. ഐപിഎൽ 2025 ൽ ബാറ്ററായി മാത്രം കളിക്കാൻ അനുമതി ലഭിച്ച മിച്ചൽ മാർഷാണ് ടീമിലുള്ള മറ്റൊരു ഓപ്പണർ.
ലഖ്‌നൗ ബോളിങ് ആക്രമണം നയിക്കുന്നത് മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ (ഇരുവരെയും നിലനിർത്തി), ആവേശ് ഖാൻ, ആകാശ് ദീപ് എന്നീ ഇന്ത്യൻ താരങ്ങളാണ്. എന്നാൽ ഇവരെല്ലാം പരിക്കിന്‍റെ പിടിയിലാണെന്നതാണ് ലഖ്‌നൗവിനെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ യുവതാരങ്ങളായ പ്രിൻസ് യാദവ് (സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡെൽഹിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരൻ), ആകാശ് സിംഗ്, രാജ്വർദ്ധൻ ഹംഗാർഗേക്കർ എന്നിവർക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. ടീം നിലനിർത്തിയ രവി ബിഷ്ണോയിയാണ് സ്പിൻ ബോളിങ്ങിലെ പ്രതീക്ഷ. 2024ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരിൽ രണ്ടാമനാണ് ബിഷ്ണോയി. ലഖ്‌നൗവിലെ പിച്ചുകൾ സ്പിൻ-അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here