
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) ആവേശ പോരാട്ടത്തിനാണ് ചെന്നൈയിലെ ചെപ്പോക്ക് മൈതാനം ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തിരിച്ചുവരവ് മാത്രം ലക്ഷ്യമിടുന്ന ചെന്നൈയ്ക്കും ഫോമില്ലാത്ത കാരണം വലയുന്ന മുംബൈയ്ക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. അതിനാല്‍, മൈതാനത്ത് വെടിക്കെട്ട് പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഇരുടീമുകളും ശ്രമിക്കുക. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിനായി ക്രിക്കറ്റ് പ്രേമികള്‍ പ്രത്യേകിച്ച് ഇരുടീമുകളുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നിലവില്‍ ചെന്നൈയ്ക്ക് ആറും മുംബൈയ്ക്ക് നാലു പോയിന്റും വീതമാണുള്ളത്. ഐ.പി.എല്‍ 2026 സീസണില്‍ രണ്ടുതവണ സെഞ്ച്വറി അടിച്ച മലയാളി താരമായ സഞ്ജു സാംസണിലാണ് ചെന്നൈയുടെ പ്രതീക്ഷ. സഞ്ജു മികച്ച ഫോം തുടര്‍ന്നാല്‍ ഇന്ന് ഹോം ഗ്രൗണ്ടില്‍ വെച്ച് മുംബൈ ഇന്ത്യന്‍സിനെ തകര്‍ക്കാമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. അതിനാല്‍, തിരിച്ചുവരവിനായി ചെന്നൈ ഉറ്റുനോക്കുന്നതും സഞ്ജുവിലേക്ക് തന്നെയാണ്. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗ്വെയ്ക് വാദ് അവസരത്തിനൊത്തുയരുമെന്നും ചെന്നൈ ആരാധകര്‍ കണക്കുകൂട്ടുന്നു. ചെന്നൈയുടെ ഇതിഹാസതാരം എം.എസ്. ധോണി ഇറങ്ങുമോയെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനകളായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ ഫോമിലേക്ക് ഉയരാത്തത് കാരണം വന്‍വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്ന സ്ഥിതിയിലാണ്. അതിനാല്‍, ഇന്നത്തെ മത്സരം ഇവര്‍ക്കും ഏറെ നിര്‍ണായകമാണ്. ചെന്നൈയ്‌ക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ കച്ചകെട്ടിയാകും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ചെന്നൈയിലേക്ക് എത്തുക.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ കപ്പ് സ്വന്തമാക്കിയ ടീമുകളാണ് മുംബൈയും ചെന്നൈയും. അഞ്ചുതവണ വീതമാണ് ഇരുടീമുകളും കിരീടത്തില്‍ മുത്തമിട്ടത്. 2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലായിരുന്നു ചെന്നൈ കപ്പ് സ്വന്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

