
ക്രിക്കറ്റ് താരം ശശാങ്ക് സിങ്ങിനും പിതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടിലെ പാചകക്കാരൻ. പാചകക്കാരനായ വിപേന്ദ്ര സിങ് തോമറിനെ ശശാങ്ക് സിങ്ങും പിതാവായ ശൈലേഷ് സിങും ഡ്രൈവറും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഇയാളെ വീട്ട് തടങ്കലിൽ വെച്ചതായും അധിക്ഷേപിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ പൊലീസ് പരാതി സ്വീകരിച്ചില്ലെന്നും പിന്നീട് മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്നും 31 കാരനായ വിപേന്ദ്ര സിങ് തോമർ പറയുന്നു.
ജൂൺ 25 നാണ് ബോപ്പാലിലെ വീട്ടിൽ ഇയാൾ പാചകക്കാരനായി ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കുടുംബത്തിൻ്റെ പെരുമാറ്റം ശരിയല്ലെന്ന് മനസിലായപ്പോൾ അവിടെ നിന്നും പോകാൻ തയ്യാറായ തന്നെ അതിന് അനുവദിക്കാതെ മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. തോമറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭോപ്പാലിലെ രതിബാദ് പൊലീസ് ശശാങ്ക് സിംഗ്, ശൈലേഷ് സിംഗ്, കുടുംബ ഡ്രൈവർ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിമാസം 15,000 രൂപ ശമ്പളം, ഭക്ഷണം, താമസം, സർക്കാർ ജോലി ലഭിക്കാൻ സഹായം എന്നിവ വാഗ്ദാനം ചെയ്താണ് റീവ ജില്ലയിൽ നിന്നുള്ള 31-കാരനായ തോമറെ ഭോപ്പാലിലേക്ക് കൊണ്ടുവന്നതെന്ന് പരാതിയിൽ പറയുന്നു.
ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭക്ഷണത്തിന്റെ പേരിൽ നിരന്തരം അധിക്ഷേപിച്ചെന്നും, ജോലി ഉപേക്ഷിക്കുമെന്ന് അറിയിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി പുറത്തുള്ളവരുമായി ബന്ധപ്പെടുന്നത് തടഞ്ഞുവെന്നും പരാതിയിലുണ്ട്. സുരക്ഷയ്ക്കായി ഒരു മുറിയിൽ കയറി വാതിലടച്ച തോമറെ ശശാങ്ക് സിംഗ്, പിതാവ്, ഡ്രൈവർ എന്നിവർ മുറിയിലേക്ക് കയറി മർദിച്ചതായും ഇയാൾ കൊടുത്ത പരാതിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

