
ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. അഞ്ച് തോൽവിയും രണ്ട് ജയവുമായി ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. നാല് തോൽവികളുമായി മുംബൈ ഏഴാം സ്ഥാനത്താണ്. വൈകിട്ട് 7.30നാണ് ഗ്ലാമർ താരങ്ങളുടെ പോരാട്ടം. മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് സൂപ്പർ കിങ്സിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം.
അഞ്ചു തവണ വീതമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഐപിഎല്ലിലെ രാജാക്കന്മാരായത്. മറ്റൊരു ടീമിനും ഇതു വരെ എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരം. ഇത്തവണ ഇരു ടീമുകളും തകർച്ചയിലാണ്. ഈ സീസണിൽ മുംബൈയും ചെന്നൈയും ആദ്യം ഏറ്റുമുട്ടിയപ്പോൾ സിഎസ്കെയ്ക്കായിരുന്നു ജയം. പിന്നെ അഞ്ച് മത്സരങ്ങളിൽ ചെന്നൈക്ക് തുടർ തോൽവികളായിരുന്നു. എം എസ് ധോണി ക്യാപ്റ്റനായ ശേഷം കഴിഞ്ഞ മത്സരത്തിൽ ചെന്നൈ തിരിച്ചു വന്നു. രചിൻ രവീന്ദ്രയും ദെവോണ്‍ കോണ്‍വെയും ബാറ്റിങിൽ താളം കണ്ടെത്താത്തതാണ് ചെന്നൈയുടെ പരാജയം.
Also Read: കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ
മുംബൈക്ക് മൂന്നു ജയവും നാല് തോൽവിയുമാണുള്ളത്. ജസ്പ്രീത് ബുമ്ര മടങ്ങി വന്ന ശേഷം മുംബൈയുടെ ബൗളിങിന്‍റെ മൂർച്ച കൂടി. രോഹിത് ശർമയുടെ സുന്ദരമായ ബാറ്റിങ് തിരികെയെത്തിയെന്ന് തോന്നുന്ന നിമിഷം രോഹിത് പുറത്താവുന്നതാണ് മുംബൈയെ വലയ്ക്കുന്നത്. സൂര്യ കുമാർ യാദവിന് പഴയ ശോഭയില്ല. ഏതു നിമിഷവും ജ്വലിച്ചുയരാൻ കഴിയുന്ന താരങ്ങളുള്ളതാണ് മുംബൈയുടെ കരുത്ത്.
ആർസിബിയും പഞ്ചാബും തമ്മിലാണ് മറ്റൊരു മത്സരം. വിസ്മയ ജയങ്ങളാണ് പഞ്ചാബിനെ ഈ സീസണിൽ വേറിട്ടു നിർത്തുന്നത്. അഞ്ച് ജയം , രണ്ട് തോൽവി. പത്ത് പോയിന്‍റുമായി മൂന്നാം സ്ഥാനത്ത്.. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മികവാണ് പഞ്ചാഹിന്‍റെ കരുത്ത്.
Also Read: ജോസേട്ടൻ ക്ലാസായപ്പോൾ ഡൽഹിയെ തകർത്ത് ഒന്നാമതെത്തി ഗുജറാത്ത്
സൂപ്പർ താരം വിരാട് കോഹ്ലിയുടെ താരപ്രഭയിലുള്ള ആർസിബി നാലാം സ്ഥാനത്തുണ്ട്. ബാറ്റിങിലും ബൗളിങിലും കരുത്തരായ ആർസിബിക്ക് ഏതു മത്സരവും തിരികെ പിടിക്കാൻ കെൽപ്പുമുണ്ട്.. റോയലായി ജയിക്കാനാവും ബംഗളൂരുവിന്‍റെ പട എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here