
പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനേയിയെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ ശക്തമായി അപലപിച്ച് ഇറാൻ രംഗത്ത്. പരമോന്നത നേതാവുമായി ഒരു ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ട്രംപ് തന്റെ സംസാരസ്വരത്തിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎസ് പ്രസിഡന്‍റിന് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ – ഇറാൻ വെടിനിർത്തൽ നിലവിൽ വന്ന ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഖമനേയിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്.
“പ്രസിഡന്റ് ട്രംപ് ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയിയോട് അദ്ദേഹം കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ സ്വരം മാറ്റിവെക്കുകയും അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആത്മാർത്ഥ പിന്തുണക്കാരെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം,” – എക്‌സ് പോസ്റ്റിൽ അരാഗ്ചി പറഞ്ഞു.
ALSO READ;ഡിജിറ്റൽ സേവന നികുതിയിൽ ഉടക്കി അയൽക്കാർ; കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കി ട്രംപ്
വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിനു ശേഷമുള്ള തന്‍റെ ആദ്യ പ്രസംഗത്തിൽ, അമേരിക്കൻ പ്രസിഡന്റ് ‘അസാധാരണമായ രീതിയിൽ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചു’ എന്ന് ഖമനേയി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ആക്രമണത്തിൽ ഇറാൻ നടത്തിയ തിരിച്ചടി ‘അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടി’ എന്ന് പറഞ്ഞതും ട്രംപിനെ പ്രകോപിപ്പിച്ചു.
“വളരെ മോശവും നിന്ദ്യവുമായ ഒരു മരണത്തിൽ നിന്നാണ് ഞാൻ അയാളെ രക്ഷിച്ചത്” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഖമനേയിയുടെ വിജയപ്രഖ്യാപനത്തെ ചോദ്യം ചെയ്ത ട്രംപ് ‘പരമമായ മണ്ടത്തരം’ എന്നാണ് വിശേഷിപ്പിച്ചത്.
രാജ്യത്തെ മൂന്ന് ‘പൈശാചികമായ’ ആണവ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു, ഖമനേയി എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് “കൃത്യമായി” തനിക്ക് അറിയാം തുടങ്ങിയ പരാമർശങ്ങളും ട്രംപ് നടത്തി. ഇതോടെയാണ് ഇറാൻ ഇത്തരം വാക്കുകളെ ശക്തമായി അപലപിച്ചു കൊണ്ട് രംഗത്തെത്തിയത്. നാലു ദിവസം മുമ്പാണ് ഇസ്രയേൽ–ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായത്. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തലിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നായാണ് പ്രഖ്യാപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here