
ഹോട്ടലുകൾ അടച്ചുപൂട്ടിതുടങ്ങി. വീടുകളിലെ ഗ്യാസും തീർന്നുകൊണ്ടിരിക്കുമ്പോൾ നെഞ്ചിടിക്കുന്നുണ്ടാകുമല്ലേ… പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളുടെ പരിണിതഫലം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വമാണ് ഇന്ധന വിതരണത്തേയും വിലയേയും ബാധിച്ചുതുടങ്ങിയിരിക്കുന്നെതന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇവിടെയുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും ഇന്ത്യയെപ്പോലെ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ വലിയ പ്രതിഫലനമുണ്ടാക്കും. ഈ സാഹചര്യത്തിൽ പാചകവാതകത്തിന്റെ വില വർധനവിനും വിതരണ കുറവിനും സാധ്യതയുള്ളതിനാൽ, വീടുകളിൽ ഗ്യാസ് ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധവെയ്ക്കണമല്ലോ ? എൽപിജി ലാഭിക്കാൻ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
Also read: പാചക വാതക ക്ഷാമത്തിൽ വലഞ്ഞ് ജനം; ഇരട്ടത്താപ്പും വിചിത്ര വാദവുമായി കേന്ദ്രം
പ്രഷർ കുക്കറുകൾ ഉപയോഗിക്കണം
പാചക സമയം കുറയ്ക്കാൻ പ്രഷർ കുക്കറുകൾ സഹായിക്കുമല്ലോ. അതുകൊണ്ടുതന്നെ സാധാരണ പാത്രങ്ങളെ അപേക്ഷിച്ച് കുക്കറിൽ പാകം ചെയ്യുന്നത് വലിയ തോതിൽ പാചകവാതകം ലാഭിക്കാൻ സഹായിക്കും.
പാത്രങ്ങൾ മൂടിവെക്കുക
പാചകം ചെയ്യുമ്പോൾ പാത്രങ്ങൾ എപ്പോഴും മൂടിവെക്കാൻ ശ്രദ്ധിക്കുക. ഇത് ചൂട് പുറത്തുപോകാതിരിക്കാനും ഭക്ഷണം വേഗത്തിൽ വേവാനും സഹായിക്കും.
കുതിർത്ത് പാകം ചെയ്യുക
പരിപ്പ്, പയറുവർഗ്ഗങ്ങൾ പോലുള്ളവ പാകം ചെയ്യുന്നതിന് കുറച്ചു സമയം മുൻപ് വെള്ളത്തിൽ കുതിർത്താൽ പാചക സമയം കുറയും.
മിതമായ തീയിൽ പാചകം ചെയ്യുക
ഉയർന്ന തീയിൽ പാചകം ചെയ്യുന്നത് ഗ്യാസ് പാഴാക്കാൻ മാത്രമേ സഹായിക്കൂ. മീഡിയം ഫ്ലെയിമിൽ പാകം ചെയ്യുന്നത് ഗ്യാസ് ലാഭിക്കാനുള്ള മികച്ചൊരു വഴിയാണ്.
ഇലക്ട്രിക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക
വെള്ളം തിളപ്പിക്കാനും ഭക്ഷണം ചൂടാക്കാനും അത്യാവശ്യങ്ങൾക്കും ഇലക്ട്രിക് കെറ്റിൽ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് എന്നിവ ഉപയോഗിക്കുന്നത് സിലിണ്ടറിലെ ഗ്യാസ് ലാഭിക്കാൻ സഹായകമാകും.
ബർണറുകൾ വൃത്തിയാക്കുക
അടുപ്പിന്റെ ബർണറുകൾ കൃത്യമായി വൃത്തിയാക്കുന്നത് ശരിയായ രീതിയിൽ തീ കത്താനും ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും
പാചകവാതകം തീരെ കിട്ടാതായാൽ വലിയൊരു പ്രതിസന്ധിയിലേയ്ക്കാകും നമ്മൾ എത്തുക. ഉള്ളതുകൊണ്ട് മിതമായ രീതിയിൽ ഉപയോഗിക്കുക എന്നത് മാത്രമാണ് നമുക്ക് മുൻപിലുള്ള വഴി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




