
ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് ഇനി മടങ്ങില്ലെന്ന് ഇറാൻ. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി താത്കാലിക വെടിനിർത്തൽ എന്ന ധാരണയിൽ എത്തിയാലും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ നിർണായക പാതയിൽ വിദേശാധിപത്യത്തിന്റെ കാലം അവസാനിച്ചതായും പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരുന്ന രീതിയിൽ സമാധാന ചർച്ചകൾക്കും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള നിർദേശം സമാധാന ചർച്ചയുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ആണ് ഇറാൻ അറിയിക്കുന്നത്.
ഈ മേഖലയിൽ ഇനി യുഎസ് താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങില്ല, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും. പേർഷ്യൻ ഗൾഫിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നൂതന നിരീക്ഷണ സംവിധാനങ്ങളും നാവിക വിന്യാസവും വർധിപ്പിക്കുമെന്നും ഇവർ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ അസഭ്യവർഷം കലർന്ന പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ട്രംപിന്റെ ഭീഷണി അവിവേകമാണെന്നും യുദ്ധക്കുറ്റങ്ങളിലൂടെ ഒന്നും നേടാനാവില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തിരിച്ചടിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

