
അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് പ്രതിനിധികളോട് ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോകാൻ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ മറുപടി.
ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇറാൻ സ്റ്റേറ്റ് സ്പോൺസർ ചെയ്ത ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി (ഐആർഎൻഎ) വ്യക്തമാക്കി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും യുക്തിരഹിതവും യാഥാർത്ഥ്യബോധമില്ലാത്തതുമായ പ്രതീക്ഷകളും നിലപാടുകൾ ഇടയ്ക്കിടെ മാറ്റുന്നതും വെടിനിർത്തൽ ധാരണ ലംഘിക്കുന്ന നാവിക ഉപരോധവും ഭീഷണികളുമെല്ലാം ഇതുവരെയുള്ള ചർച്ചകളുടെ പുരോഗതിയെ തടസപ്പെടുത്തിയതായി ഐആർഎൻഎ റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, സൃഷ്ടിപരമായ ചർച്ചകൾക്കുള്ള സാധ്യത അവസാനിച്ചതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു. രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുത്തുവെന്ന് നുണ പ്രചരിപ്പിക്കുകയാണെന്നും ടെഹ്‌റാൻ ആരോപിച്ചു. രാജ്യത്തിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് ഇത്തരം നീക്കങ്ങളെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടതിന് ശേഷം അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് പാകിസ്ഥാനിലെ ഇറാൻ അംബാസഡർ റെസ അമിരി മൊഗദ അമേരിക്കയെ വിമർശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

