
കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ. അമേരിക്കയുടെ ആക്രമണങ്ങൾക്കും സൈനിക നടപടികൾ സ്വീകരിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണികൾക്കും പിന്നാലെ ആയിരുന്നു ഇറാന്റെ പ്രത്യാക്രമണം. ഇത് മേഖലയിൽ ആശങ്കയ്ക്ക് ഇടായിക്കിയിരിക്കുകയാണ്.
ഈ ആക്രമണ – പ്രത്യാക്രമണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്നും സമാധാന ചർച്ചകൾ തകർക്കുമെന്നുമാണ് വിലയിരുത്തലുകൾ. ഹോർമുസ് കടലിടുക്കിലെ പ്രധാന ജലപാതയ്ക്ക് ചുറ്റുമുള്ള ഇറാനിയൻ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ആക്രമണങ്ങൾ നടത്തിയിരുന്നു. ഡ്രോൺ വിക്ഷേപണത്തിന് പുറമെ ഒരു ചരക്ക് കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഇറാനും പ്രതികരിച്ചു.
ഇതിനിടെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നുണ്ടെന്ന് കുവൈറ്റ് ഞായറാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തു. നേരത്തെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യവും ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മേഖലയിൽ നിന്ന് ചില സൈനികരെ പിൻവലിക്കാൻ സമ്മതിച്ചതിന് തൊട്ടടുത്ത ദിവസം ആയിരുന്നു ഇസ്രയേലിന്റെ ആക്രമണം.
ALSO READ: തുടർച്ചയായ രണ്ടാം ദിവസവും ഇറാനിൽ ബോംബാക്രമണം നടത്തി അമേരിക്ക
അതേസമയം ഈ മാസം ഒപ്പുവച്ച യുഎസ്-ഇറാൻ കരാറിനെ കാറ്റിൽപ്പറത്തും വിധമാണ് മേഖലയിൽ വീണ്ടും ഉടലെടുക്കുന്ന ആക്രമണങ്ങൾ. വെടിനിർത്തൽ വിപുലീകരിക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു കരാർ. എന്നാൽ ആതക്രമണങ്ങൾ വീണ്ടും സംഘർഷം രൂക്ഷമാക്കുകയാണ്.
നേരത്തെ ഇറാൻ ആക്രമണങ്ങൾ തുടർന്നാൽ കൂടുതൽ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ യുഎസ് വെടിനിർത്തൽ ലംഘിച്ചുവെന്നും എല്ലാ നയതന്ത്ര പ്രക്രിയകളും പൂർണ്ണമായും നിർത്തലാക്കുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തിരിച്ചടിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

