
അടുത്തിടെ നടന്ന യുഎസ് ആക്രമണങ്ങളിൽ 30ലധികം പൗരന്മാർ കൊല്ലപ്പെട്ടതായി ഇറാൻ. 260ൽ അധികം പേർക്ക് വിവിധ ആക്രമണങ്ങളിൽ പരുക്കേറ്റതായി ഇറാൻ ആരോഗ്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകളും പുറത്തുവന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്കൻ ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളിലാണ് കുറഞ്ഞത് 30 സാധാരണക്കാർ കൊല്ലപ്പെട്ടതെന്ന് ഇറാൻ സർക്കാർ വക്താവ് ഫരീമ മൊഹജെറാനി പറഞ്ഞു. ഇറാന്റെ തെക്കൻ നഗരങ്ങളിലും തീരത്തെ ദ്വീപുകളിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ ഹോർമുസ് കടലിടുക്കിൽ യുഎസ്, ഇറാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരായ ഏറ്റവും പുതിയ ആക്രമണ പരമ്പര അവസാനിച്ചുവെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ മേഖലയിൽ യുഎസ് ആക്രമണത്തിൽ 7 ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഇറാൻഷഹറിലെ ബംബർ ഗാരിസണിനെതിരായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈന്യം പറഞ്ഞു. അമേരിക്കയുടേത് “ഭീരുത്വപരമായ ആക്രമണം” ആണെന്നും ഇറാൻ പ്രതികരിച്ചു. ബാംപൂരിലെ ഒരു ബാരക്കിൽ 13 യുഎസ് മിസൈലുകൾ പതിച്ചതായും 388-ാം ബ്രിഗേഡിലെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും സൈന്യം പറഞ്ഞു. യുഎസ് ആക്രമണങ്ങൾ പരമാവധി നാശനഷ്ടങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നും സൈന്യം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

