
വരയാടുകളുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി കേരളവും തമിഴ്‌നാടും. ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പ് നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകളുടെ നേതൃത്വത്തിൽ ഏപ്രില്‍ 24 മുതല്‍ 27 വരെ കണക്കെടുപ്പ് നടത്തും. കേരളത്തില്‍ 89 സെന്‍സസ് ബ്ലോക്കുക്കിലും തമിഴ്‌നാട്ടില്‍ 176 സെന്‍സസ് ബ്ലോക്കുകളിലുമാണ് നാല് ദിവസം കണക്കെടുപ്പ് നടത്തുക. കേരളത്തിലേയും, തമിഴ് നാട്ടിലേയും സംരക്ഷിത വനമേഖലകള്‍ക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന മുഴുവന്‍ മേഖലകളിലും ഒരേ സമയം കണക്കെടുപ്പ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകള്‍ ആരംഭിച്ചു.
ക്യാമറ ട്രാപ്പുകള്‍ ഉപയോഗിക്കുന്നതിനും, തെരെഞ്ഞെടുത്ത ബ്ലോക്കുകളിലെ വരയാടുകളുടെ പെല്ലെറ്റ് സാംപിളുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് ജനിതക വ്യതിയാനം സംബന്ധിച്ച പഠനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ വയനാട് വരെ വരയാടുകളുടെ സാന്നിദ്ധ്യമുള്ള 20 വനം ഡിവിഷനുകളിലായിട്ടാണ് വരയാട് കണക്കെടുപ്പിനുള്ള 89 ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുള്ളത്. ലഭിച്ച വിവരങ്ങള്‍ ബൗണ്ടഡ് കൗണ്ട് എന്ന ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്താണ് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കുക .
ALSO READ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു
കൃത്യമായ കണക്കെടുപ്പിലൂടെ ഇവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതുവഴി വരയാടുകളുടെ സുരക്ഷയും, നിലനില്‍പ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പാക്കാനാകും.
വനം ഉദ്യോഗസ്ഥരും വളന്റിയർമാരും ഉൾപ്പെടെ 1300 ഓളം വരുന്ന സെൻസസ് ടീമാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത്. നോഡൽ ഓഫീസറായി പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദിനെ ചുമതലപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here