കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതി; അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് ഡി വൈ എസ് പിയോട് FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനിലിന്റേതാണ് ഉത്തരവ്.

കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ അധ്യക്ഷനായ കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ളതാണ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി. എംപി ജാക്‌സണ്‍ തന്നെയാണ് ആശുപത്രി അഴിമതി കേസില്‍ ഒന്നാം പ്രതിയും. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിജിലന്‍സ് ഡി വൈ എസ് പിക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഇരിഞ്ഞാലക്കുട മണവാളശ്ശേരി സ്വദേശി വാളൂര്‍ വീട്ടില്‍ സന്തോഷ് ബോബന്‍ 2015- ല്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. 2006 മുതല്‍ 2011 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പുറത്തുവന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഹര്‍ജി. സഹകരണ നിയമപ്രകാരം സഹകരണ രജിസ്ട്രാറുടെ അനുമതി വാങ്ങി നടത്തേണ്ട കെട്ടിട നിര്‍മ്മാണം നിയമം പാലിക്കാതെ 7 കോടിക്ക് നിര്‍മ്മിച്ചതായും ഇതില്‍ കരാറുകാരനുമായി ചേര്‍ന്ന് രണ്ടു കോടിയോളം രൂപയുടെ വ്യാജ രേഖകള്‍ സൃഷ്ടിച്ച് പണം അപഹരിച്ചതായും ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു.

Also Read  : അഭിമാനമായി ‘സംരംഭകവർഷം’; ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ

ആശുപത്രിയുടെ പണം മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ ആശുപത്രി ഡയറക്ടര്‍മാര്‍ ചേര്‍ന്നു രൂപംകൊടുത്ത ഇരിഞ്ഞാലക്കുട സ്‌കാനിങ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിന് കൈമാറി. ഇതിന് നിസ്സാര വാടകയ്ക്ക് ആശുപത്രിയില്‍ സ്ഥലം നല്‍കുകയും ലാഭം സ്‌കാനിംഗ് സെന്ററിന്റെ ഓഹരി ഉടമകള്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇത് വഞ്ചന പരമാണെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പില്‍ നിന്ന് അനുവാദം വാങ്ങാതെ ഹഡ്‌കോയില്‍ നിന്നും വായ്പയെടുത്ത് വലിയ കടബാധ്യത ഉണ്ടാക്കി.

എം പി ജാക്‌സണ്‍ തന്നെ അധ്യക്ഷനായ ഇരിഞ്ഞാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ ആശുപത്രിയുടെ വസ്തു ഈടു വച്ച് രണ്ടു കോടി രൂപ വായ്പ എടുത്തു. ഭരണസമിതി അംഗങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനും വ്യക്തിപരമായ നേട്ടത്തിനും ഉപയോഗിച്ചതായും വിധി ന്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നാം പ്രതിയായ ചെയര്‍മാന്‍ തന്റെ പദവി ദുരുപയോഗം ചെയ്തു. പരാതിയില്‍ പറയുന്ന കാലയളവില്‍ എംപി ജാക്‌സന്റെ വരുമാനസ്രോതസ്സുകള്‍ അന്വേഷിക്കണമെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നത് അന്വേഷണ വിധേയമാക്കണമെന്നും വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതിയായ എം പി ജാക്‌സന് ക്ലീന്‍ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹകരണ ആശുപത്രി വൈസ് പ്രസിഡന്‍റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി കെ കെ ജോണി, കെ വേണു, കെ എ അബ്ദുറഹ്മാന്‍, ജോസ് മൂഞ്ഞേലി, വര്‍ഗീസ് പുത്തനങ്ങാടി എന്നിവരും കേസില്‍ പ്രതി സ്ഥാനത്തുണ്ട്. ഈ കേസില്‍ നേരത്തെ വിജിലന്‍സ് നടത്തിയ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here