കോട്ടയം നഗരസഭയിൽ ക്രമക്കേടുകള്‍; ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും

M B RAJESH

 കോട്ടയം നഗരസഭയിൽ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സംഭവത്തിൽ മറുപടിയുമായി എം ബി രാജേഷ്. ഭരണ വകുപ്പും വിജിലൻസ് വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എയുടെ സബ്‌മിഷന് ആയിരുന്നു മന്ത്രിയുടെ മറുപടി.

പ്രധാനപ്പെട്ട ക്രമക്കേടുകള്‍ ചുവടെ ചേര്‍ക്കുന്നു:

  1.    റീകൺസിലിയേഷൻ രേഖകൾ പരിശോധിച്ചതിൽ വർഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് രൂപ മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ ലഭിച്ചിട്ടില്ല.
  2.  ചെക്ക്സ് ആൻറ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കാത്തതിനാൽ, ലഭിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചെക്കുകളുടെ ആധികാരികത പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
  3.   വിവിധ ബാങ്കുകളുടെ റീകൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാല്‍ ഭൂരിഭാഗം അക്കൗണ്ടുകളിലും കാണപ്പെടുന്ന തുകകളും, അക്കൗണ്ടിൽ യഥാർത്ഥത്തിൽ നീക്കിയിരിപ്പുള്ള തുകകളും തമ്മിൽ വൻ അന്തരമുണ്ട്.
  4.     കാലാകാലങ്ങളിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും അത് പരിശോധന ടീമിന് ലഭ്യമാക്കിയിട്ടില്ല.
  5.       ഏകദേശം 200 കോടിയിലധികം രൂപ ബാങ്കുകളിൽ വരവ് വന്നിട്ടില്ല.
                 തുടർന്ന് സംസ്ഥാന തലത്തിൽ പ്രൊഫഷണൽ അക്കൗണ്ടിംഗ് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ടീമിനെ നിയോഗിച്ച് വിശദ പരിശോധന നടത്തുന്നതിനും    മുനിസിപ്പാലിറ്റിക്ക് നഷ്ടം നേരിടാനിടയായ സാഹചര്യം സംബന്ധിച്ച് അതത് സമയത്ത് അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലെ ജീവനക്കാരിൽ നിന്ന് സെക്രട്ടറി മുഖേന വിശദീകരണം തേടുന്നതിനും, നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.
                   
    തുടർന്ന്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശപ്രകാരം  സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ, ടെക്നിക്കൽ വിദഗ്ദര്‍ ഉൾപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥ സംഘം കോട്ടയം നഗരസഭയിൽ 04.02.2025 മുതൽ 07.02.2025 വരെ പരിശോധന നടത്തിയിട്ടുണ്ട്.  പരിശോധനയെ തുടർന്ന് ലഭ്യമായ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോട്ടയം നഗരസഭയിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ മറുപടിയും രേഖകളും ലഭ്യമാക്കുന്നതിന് കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
                     
    വർഷങ്ങളായി നടക്കുന്ന ക്രമക്കേടെന്ന  നിലയിലും ഒട്ടേറെ ജീവനക്കാരും മറ്റ്  ഉത്തരവാദപ്പെട്ടവരും ഉൾപ്പെട്ട വിഷയമെന്ന നിലയിലും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അതുകൊണ്ടുതന്നെ ക്രമക്കേടിന്റെ വ്യാപ്തിയും ആഴവും കണ്ടെത്തുന്നതിനും ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനുമായി ഈ വിഷയത്തിൽ സംസ്ഥാന പോലീസ് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ഭരണ വകുപ്പും വിജിലൻസ് വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.
                 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News