
നമ്മള്‍ മലയാളകള്‍ക്ക് രണ്ട് നേരവും കുളിച്ചില്ലെങ്കില്‍ സ്വസ്ഥത ഉണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലപ്പോഴെങ്കിലും ഒരു മടി പിന്നോട്ട് വലിക്കാറുമുണ്ട്. നല്ല തണുപ്പുള്ള കാലമാണേല്‍ പറയുകയും വേണ്ട. എന്നാല്‍ എന്നും കുളിക്കേണ്ട ആവശ്യമുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരം തേടി പോയൊരു ഡോക്ടര്‍ പറയുന്നത് അദ്ദേഹം കുളിച്ചിട്ട് അഞ്ചു വര്‍ഷമായെന്നാണ്. ങ്ങേ! അതിപ്പോ ലാഭായല്ലോ.. എന്നാണോ മനസില്‍ ചിന്തിച്ചത്. എന്നാല്‍ ബാ അദ്ദേഹത്തിന് അനുഭവം പറഞ്ഞു തരാം!
ചേസിംഗ് ലൈഫ് എന്ന പോഡ്കാസ്റ്റില്‍ സിഎന്‍എന്‍ ചീഫ് മെഡിക്കല്‍ കറസ്‌പോണ്ടന്റ് ഡോ സഞ്ജയ് ഗുപ്തയോട് ഡോ ജെയിംസ് ഹാംബ്ലിന്‍ പറഞ്ഞത് താന്‍ കുളിച്ചിട്ട് വര്‍ഷം അഞ്ചായെന്നാണ്. അയ്യേ.. എന്നാണ് പറയാന്‍ വരുന്നതെങ്കില്‍… നില്‍… കുളിച്ചിട്ട് ദിവസങ്ങള്‍ ഇത്രയും ആയെങ്കിലും അദ്ദേഹത്തിന് ദുര്‍ഗന്ധമോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്നാണ് പറയുന്നത്. ദിവസവും കുളി പാസാക്കണോ എന്നറിയാനുള്ള ആവേശം കൊണ്ടാണ് ഇങ്ങനൊരു തീരുമാനം അല്ല കടുംകൈയ്ക്ക് അദ്ദേഹം തയ്യാറായത്. ഒടുവില്‍ ആ നഗ്ന സത്യം അദ്ദേഹം മനസിലാക്കി, നമ്മുടെ ചര്‍മത്തില്‍ നിറയെ.. അതായത് കുരുവി.. ധാരാളം ബാക്ടീരിയകളുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തവയാണ്. പക്ഷേ ഷാംപുവും സോപ്പും ഉപയോഗിച്ചുള്ള നമ്മുടെ നീരാട്ട് മൂലം ഇവ നശിക്കും. ഇതോടെ സ്വാഭാവികമായുള്ള നമ്മുടെ ചര്‍മത്തിന്റെ പ്രതിരോധ ശേഷിയെയാണ് ബാധിക്കുന്നതത്രേ.
തീര്‍ന്നില്ല, ചര്‍മം ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍, കൊഴുപ്പ്, ലിപിഡുകള്‍, എണ്ണയുടെ അംശം തുടങ്ങിയവയും ഇതോടെ സ്വാഹ! പിന്നാലെ ചര്‍മം വരളും… പുല്‍ത്തകിടിയില്‍ നിന്ന് മണ്ണ് കഴുകിക്കളയുന്നതൊന്ന് ആലോചിച്ച് നോക്കേ.. ഇതേ പോലാണേ്രത കുളിയെന്നാണ് ഡോക്ടര്‍ പറയുന്നത്. വ്യായാമം ചെയ്തുകഴിഞ്ഞാല്‍ വെറും വെള്ളത്തില്‍ ശരീരം കഴുകാം. പക്ഷേ കുളിക്കണോ എന്നൊന്നു ചിന്തിക്കണം എന്നാണ് ഡോക്ടര്‍ പറഞ്ഞുവയ്ക്കുന്നത്. പിന്നെ രമണാ! കുളിക്കണോ എന്നത് തീര്‍ത്തും വ്യക്തിപരമായ ഇഷ്ടവും താല്‍പര്യവുമാണ്. എന്നാലും ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറണമെന്ന് ഡോക്ടര്‍ പറയുന്നു.! സന്തോഷായില്ലേ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

