
ഹോർമൂസ് കടലിടുക്ക് അടച്ചിടാൻ ഒരുങ്ങി ഇറാൻ . ലോകത്തിലെ തന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള കടലിടുക്കാണ് ഹോർമൂസ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെ തുടർന്നാണ് ഈ നിർണായക നീക്കം. ഹോർമൂസ് അടച്ചുപൂട്ടാൻ ഇറാന്റെ പാർലമെന്റ് അംഗീകാരം നൽകി. ഇക്കാര്യത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഇറാനിയൻ മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഈ നീക്കം ലോകത്തെ ഒന്നടങ്കം ബാധിച്ചേക്കും.
ലോകത്തിലെ ഏറ്റവും നിർണായകമായ കണക്ടിങ് പോയിന്റാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഇതിലൂടെയാണ് കടന്നുപോകുന്നത്. ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഊർജമേഖലയിൽ ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
ALSO READ: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; മൊസാദ് ചാരനെ തൂക്കിലേറ്റി
അതോടൊപ്പം സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ ശക്തി കേന്ദ്രങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയെയും ഹോർമൂസ് അടച്ചിടുന്നത് സാരമായി ബാധിക്കും. ഇന്ത്യയിൽ പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണയും കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here