
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പ്രൊവിൻസ് (ഐഎസ്കെപി) പദ്ധതിയിടുന്നതായി പാകിസ്താൻ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. ചൈനീസ്, അറേബ്യൻ വംശജരെയാണ് ഭീകരവാദികൾ ലക്ഷ്യത്തെ വെക്കുന്നതെന്നും മോചന ദ്രവ്യത്തിനായാണ് ഇവർ പദ്ധതി തയ്യാറാക്കുന്നതെന്നുമാണ് റിപ്പോർട്ട് പറയുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നഗരങ്ങളിൽ നിന്നും അകലെ മാറിയുള്ള പ്രദേശങ്ങളിൽ ഭീകരർ താമസ സ്ഥലങ്ങൾ വാടകക്ക് എടുത്തതായും റിപ്പോർട്ടിൽ ഉണ്ട്. മുസ്ലീങ്ങൾക്കെതിരായ ബൗദ്ധിക യുദ്ധത്തിനുള്ള പാശ്ചാത്യ ഉപകരണമാണ് ക്രിക്കറ്റ് എന്ന് അവകാശപ്പെടുന്ന വീഡിയോ 2024-ൽ ഐഎസ്‌കെപിയുമായി ബന്ധമുള്ള അൽ അസൈം മീഡിയ പുറത്തിറക്കിയിരുന്നു.
ALSO READ; യുഎസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി അയച്ച 40 ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി
പാകിസ്ഥാനിൽ നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളും മറ്റ് പരിപാടികളും സുരക്ഷിതമാക്കാൻ പാകിസ്ഥാൻ പാടുപെടുന്നതിന് ഇടയിലാണ് പുതിയ ഭീഷണി. വിദേശ പൗരന്മാർക്കെതിരായ ആക്രമണം പാകിസ്താൻ നിസാരമായി കാണുകയാണെന്ന് ആരോപണങ്ങൾ നേരത്തേ തന്നെയുണ്ട്. 2024-ൽ ഷാങ്ലയിൽ ചൈനീസ് എൻജിനീയർമാർക്കെതിരായ ആക്രമണവും 2009-ൽ ലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണവും പാകിസ്താനിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. അതിനാൽ ഇന്ത്യ പാകിസ്ഥാനിലെ ഇവന്റുകൾ വർഷങ്ങളായി ഒഴിവാക്കി പോരുകയാണ്. അഫ്ഗാനിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയും (ജിഡിഐ) പ്രധാന സ്ഥലങ്ങളിൽ ഐഎസ്‌കെപി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയുടെ ഒമ്പതാം പതിപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

