
ഇസ്രയേൽ വ്യോമാക്രമണത്തില്‍ യുവ ഇറാനിയന്‍ കവി പര്‍ണിയ അബ്ബാസി കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് അബ്ബാസി കൊല്ലപ്പെട്ടത്. ഇറാനിലെ പുതുതലമുറ കവികളില്‍ ശ്രദ്ധേയയായിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബവും ഇല്ലാതായി.
അധ്യാപികയായും ബാങ്ക് ജീവനക്കാരിയായും ജോലി ചെയ്യുകയായിരുന്നു അവർ. കാസ്വിന്‍ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 24ാം പിറന്നാളിന് പത്ത് ദിവസം ശേഷിക്കെയാണ് പർണിയയുടെ ദാരുണ വിയോഗം.
Read Also: മനുഷ്യത്വത്തിനെതിരായ ആക്രമണം: ഇറാനിലെ ആശുപത്രികളും ജനവാസമേഖലകളും ആക്രമിച്ച് ഇസ്രയേൽ
‘നിന്റയാകാശത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം, എന്റേതില്‍ നിഴലുകളുടെ വേട്ട’ എന്ന് നിയന്ത്രണങ്ങള്‍ നിറഞ്ഞ ജീവിതത്തെപ്പറ്റി എഴുതിയിട്ടുണ്ട് പര്‍ണിയ. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജീവിക്കുമ്പോഴും അനുഭവങ്ങളെല്ലാം കവിതയിലൂടെ പകര്‍ത്തിയെഴുതാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ‘എവിടെയോ നീയും ഞാനും അവസാനിക്കും, ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും, ഞാന്‍ ഒടുങ്ങും’ എന്ന് കവിതയിൽ കുറിച്ചിട്ടുണ്ട് പർണിയ. അതുപോലെയായി വിയോഗവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here