
മിസൈലുകൾക്കും ബോംബുകൾക്കും പുറമെ വാക്കുകൾ കൊണ്ടും പോരടിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. തലസ്ഥാനമായ ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം. ഇസ്രയേലിൻ്റെ സൈനിക കമാൻഡ്, ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായാണ് വിവരം. എന്നാൽ ബീർഷബ സൊറോക ആശുപത്രിക്ക് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
ഇസ്രയേലിലെ ഏറ്റവും വലിയ ആശുപതികളിൽ ഒന്നായ ഇവിടെയാണ് ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ സൈനികരെ അടക്കം ചികിത്സിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ആശുപത്രിയല്ല ഇന്റലിജൻസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെടുന്നത്.
ആശുപത്രിക്കെതിരെ ആക്രമണം നടത്തിയത് യുദ്ധക്കുറ്റമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാസയിലെ 94 ശതമാനം ആശുപത്രികളും തകർത്തത് ഇസ്രായേലാണെന്നും ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യംവെക്കുന്നത് ഇറാനല്ല, ഇസ്രായേലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി തിരിച്ചടിച്ചു.
ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ ഇസ്രായേലിലുടനീളം നിരവധി സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തത്. ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ സുരക്ഷാസേന അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here