
പശ്ചിമേഷ്യയെ ഭീതിയുടെ മുൾമുനയിൽ നിർത്തി ഇസ്രയേലും ഇറാനും ഒരു തുറന്ന യുദ്ധത്തിലേക്ക് കടക്കുമോ? ഒരു സുപ്രഭാതത്തിൽ ഇറാനെന്ന പരമാധികാര രാഷ്ട്രത്തിലേക്ക് അതിക്രമിച്ച് കയറി അവരുടെ പ്രധാന സൈനിക, ആണവ തലച്ചോറുകളെ വധിക്കാൻ മാത്രം ഇസ്രയേലിനെ പ്രകോപിപ്പിച്ചത് എന്തായിരിക്കും? മണിക്കൂറുകൾക്കകം ഇസ്രയേലിന്റെ പേരുകേട്ട പ്രതിരോധ സംവിധാനങ്ങളെ നിഷ്ഫലമാക്കി തലസ്ഥാനമായ ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങളടക്കം അപ്രതീക്ഷിതമായി ആക്രമിച്ചുള്ള ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേൽ പകച്ചു പോയോ? കൊണ്ടും കൊടുത്തും മുന്നോട്ടുപോകുന്ന ആക്രമണ പ്രത്യാക്രമണങ്ങൾ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘകാല പൂർണ്ണ യുദ്ധത്തിലേക്കുള്ള സൂചനയാണോ? അങ്ങിനെ സംഭവിച്ചാൽ ലോക വൻശക്തികളായ അമേരിക്കയും ചൈനയും റഷ്യയും ഈ യുദ്ധത്തിൽ ഇരു ചേരിയിലുമായി കക്ഷി ചേരുമോ? ആശങ്ക ഉയർത്തുന്ന ചോദ്യങ്ങൾ ഏറെയാണ്.
പശ്ചിമേഷ്യയിലെ പാലസ്തീനടക്കമുള്ള അയൽ രാജ്യങ്ങളെ ഏകപക്ഷീയമായി കടന്നാക്രമിച്ച് കൂട്ടക്കൊല ചെയ്യുന്ന അതേ ലാഘവത്തോടെ ആക്രമിക്കാനിറങ്ങിയ ഇസ്രയേലിന് അതേ നാണയത്തിൽ തിരിച്ചടി നൽകുന്ന ഇറാനെയാണ് ലോകം കണ്ടത്. ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്കെന്ന പ്രതീതി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ ഇരു രാജ്യങ്ങളുടേയും ആവനാഴിയിലെ സൈനിക, ആയുധ ശേഷി കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ജനങ്ങളും സൈനിക ബലവും ഭൂവിസ്ത്രിതിയും:
ഇറാൻ: ഏകദേശം 1,648,000 ചതുരശ്ര കിലോമീറ്റർ ഭൂ വിസ്തൃതിയും ഏകദേശം 8.76 കോടി ജനസംഖ്യയും
ഇസ്രായേൽ: ഏകദേശം 22,000 ചതുരശ്ര കിലോമീറ്റർ ഭൂ വിസ്തൃതിയും ഒരു കോടിയിൽ താഴെ (90 ലക്ഷം) ജനസംഖ്യയും.
അതായത് ഭൂമിസ്തൃതിയിൽ ഇസ്രയേലിന്റെ 75 മടങ്ങ് വലിപ്പവും ഒമ്പത് ഇരട്ടി ജനസംഖ്യയും ഉണ്ട് ഇറാന്. അതുപോലെ തന്നെ സജീവ സൈനികരുടെ എണ്ണത്തിലും സ്വാഭാവികമായും ഇറാൻ ഏറെ മുന്നിലാണ്. ഏകദേശം 5,80,000 സൈനികർ ഇറാനിൽ സജ്ജമാണ്. ഇസ്രായേലിന് 1,70,000 സജീവ സൈനികർ മാത്രമാണുള്ളത്. സൈനിക സേവനം നിർബന്ധമായ ഇസ്രായേലിന്റെ റിസർവ് സേനയിൽ 4,65,000 പേർ വേറെയുമുണ്ട്.
പ്രതിരോധ ബജറ്റ്:
സൈനിക ശേഷിയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിലും രാജ്യത്തിന്റെ പ്രതിരോധ ബജറ്റിൽ ഇസ്രായേൽ ഏറെ മുന്നിലാണ്. ഏകദേശം 24 ബില്യൺ യുഎസ് ഡോളർ ആണ് ഇസ്രായേൽ പ്രതിരോധബജറ്റ്, ഇറാന് 9.9 ബില്യൺ യു എസ് ഡോളർ മാത്രമാണ് പ്രതിരോധ ബജറ്റിലേക്ക് മാറ്റിവെയ്ക്കുന്നത്.
ഇറാന്റെ IRGC (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ) എന്ന സൈനിക വിഭാഗം സ്വതന്ത്രമായി വരുമാനം കണ്ടെത്തി ബജറ്റിന് പുറത്തു നിന്നുള്ള സാമ്പത്തിക ശക്തിയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. ഇറാൻ സുപ്രീം കൗൺസിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള IRGC ഇറാന്റെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമാണ്.
Also Read- ഇസ്രയേല്‍ – ഇന്ത്യ കൂട്ടുകെട്ടിന് കാരണം കോണ്‍ഗ്രസ്; തിരുത്തണം ആ ‘ദുരന്ത’ നിലപാട്
യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും:
ഇസ്രായേലിന് 612 എയർക്രാഫ്റ്റുകളും ഇറാനിന് 551 എയർ ക്രാഫ്റ്റുകളുമാണുള്ളത്. ഇസ്രായേലിന് F‑35, F‑16, F‑15 പോലുള്ള ആധുനിക യുദ്ധവിമാനങ്ങളുണ്ട്. വ്യോമ പ്രതിരോധത്തിൽ Iron Dome, David’s Sling, Arrow 3, Patriot മുതലായ ഇന്റഗ്രേറ്റഡ് സംവിധാനങ്ങൾ ഇസ്രായേലിന്റെ കരുത്താണ്.

വ്യോമശക്തിയിൽ ലോകവൻശക്തികളോടൊപ്പമാണ് ഇസ്രയേലിന്റെ സ്ഥാനം. ഇറാന്റെ വ്യോമ പ്രതിരോധത്തിൽ S-300PMU-2 Favorit (Russia), ഇറാൻ സ്വന്തമായി നിർമ്മിച്ച Bavar-373 എന്നിവയാണ് പ്രധാനമായുളളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പേരുകേട്ട ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്നു ഇസ്രയേലിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ ഇറാൻ അയച്ച മിസൈലുകൾക്ക് വിജയച്ചത് ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങൾ വീക്ഷിച്ചത്.

മിസൈലുകളും ഡ്രോണുകളും:
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ നിർമാതാക്കളിൽ ഒരാളാണ് ഇറാൻ . 2000 കിലോമീറ്റർ വരെ ദൂരം ലക്ഷ്യം വെക്കാവുന്ന ദീർഘദൂര മിസൈലുകൾ അടക്കം വിവിധയിനം മിസൈലുകളുടെ കൂമ്പാരം തന്നെ സ്വന്തമായി ഇറാനുണ്ട്. ശഹീദ് പോലുള്ള കനത്ത പ്രഹര ശേഷിയുള്ള ഡ്രോണുകളും വിമാനങ്ങളും ഇറാന്റെ വ്യോമസേനാ ആവനാഴിയിലെ ആക്രമണശേഷി വർദ്ധിപ്പിക്കുന്നു. യുക്രൈൻ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്നത് ഇറാൻ നിർമ്മിത ഡ്രോണുകളാണ്.

ഇസ്രായേലിന് ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ജെറിക്കോ പരമ്പരയിലെ മൂന്ന് ശ്രേണി മിസൈലുകളാണ് ശ്രദ്ധേയമായത്. ഇതിൽ ജെറിക്കോ 2 1500 കിലോമീറ്റർ മുതൽ 3000 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ആക്രമിക്കാൻ ശേഷിയുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ തെഹ്റാനിലടക്കം നാശം വിതച്ചതും ജെറിക്കോ 2 മിസൈലുകളായിരുന്നു. ജറിക്കോ 3 ഇപ്പോഴും രഹസ്യമാണ്. ആണവ മുനകൾ വഹിക്കാനായി സജ്ജമാക്കിയ മാരക പ്രഹരശേഷിയുള്ള ഈ മിസൈൽ ഇസ്രയേൽ ആയുധപുരയിലെ നമ്പർ വൺ എന്നാണറിയപ്പെടുന്നത്. എന്നാൽ ഡ്രോൺ മേഖലയിൽ ഇസ്രയേലിനെക്കാളും ശക്തി ഇറാന് തന്നെയാണ്. കൂടാതെ യുദ്ധവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന പൊപ്പേയെ ടർബോ, ദിലിലാഹ് എന്നീ ക്രൂയിസ് മിസൈലുകളും ഇസ്രയേലിന്റെ ആയുധശേഖരത്തിലുണ്ട്.
Also Read- ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ യുവകവിയും കൊല്ലപ്പെട്ടു; കുടുംബം ഒന്നടങ്കം മരിച്ചു
യുദ്ധ ടാങ്കുകളും കവചിത വാഹനങ്ങളും:
യുദ്ധ ടാങ്കുകളിലും ഇസ്രയേലിനെക്കാളും മുമ്പിലാണ് ഇറാൻ. ഇറാന്റെ കൈവശം 1,996 യുദ്ധ ടാങ്കുകളും അതിന്റെ ഇരട്ടി കവചിത വാഹനങ്ങളും ഉണ്ട്. ഇസ്രായേലിന്റെ കൈവശം 1,370 ടാങ്കുകളാണ് ഉള്ളതെങ്കിലും ഇസ്രായേലിന്റെ മെർക്കേവ ടാങ്കുകൾ സാങ്കേതികമായി ഏറെ മുന്നിലാണ്.
നാവിക സേന:
നാവിക ശക്തിയിൽ ഇറാൻ ഏറെ മുന്നിലാണ്. ചെറുതും വലുതുമായ 400 ലധികം കപ്പലുകൾ ഇറാനുള്ളപ്പോൾ ഇസ്രയേലിന്റെ കൈവശം 75 ൽ താഴെ യുദ്ധകപ്പലുകളാണ് ഉള്ളത്. അതേസമയം ഇസ്രയേലിന്റെ കൈവശമുള്ള സബ്മറീനുകളെല്ലാം ആധുനിക സാങ്കേതിക സംവിധാനങ്ങളടങ്ങിയതാണ്.
Also Read- ഇറാൻ ഇസ്രയേൽ സംഘർഷം: ഹോർമുസ് കടലിടുക്കും; ഇന്ത്യൻ ആശങ്കകളും
ആണവായുധങ്ങൾ:
ഇസ്രായേലിന് ഏകദേശം 80 ആണവ ആയുധങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുടെ പരിശോധനകളൊന്നും തന്നെ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ഇസ്രയേലിന്റെ ആണവശേഷിയെ കുറിച്ച് കൃത്യമായ ഡാറ്റ ലഭ്യമല്ല. ഇറാന് ഔദ്യോഗികമായി ആണവായുധങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആണവശേഷി കൈവരിച്ചതായാണ് കരുതിപോരുന്നത്. നിലവിലെ ഇസ്രയേൽ ഇറാൻ യുദ്ധത്തിലേക്ക് പോലും നയിച്ചത് ഇറാന്റെ ആണവ പദ്ധതികളാണ്. ആണവായുധ ശേഷി കൈവരിക്കുന്നതിന്റെ പ്രധാന ഘട്ടമായ യുറേനിയും സമ്പുഷ്ടീകരണം വർഷങ്ങൾക്ക് മുമ്പേ ഇറാൻ സ്വായത്വമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here