
അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂൺ 17, 18 തിയതികളിൽ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും സാമ്രാജ്യത്വ വിരുദ്ധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇസ്രയേലിന്റെ പ്രവർത്തനം പശ്ചിമേഷ്യയെ കുരുതിക്കളമാക്കുകയും ലോകത്തെ യുദ്ധഭീതിയിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. പരമാധികാര രാഷ്ട്രത്തിനകത്ത് കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധനങ്ങളേയും തകർക്കുകയെന്ന നയമാണ് ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്. ഇറാനെ തകർത്ത് പശ്ചിമേഷ്യയിലെ എതിർപ്പുകളെയാകെ ഇല്ലാതാക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം നയങ്ങൾക്കെതിരെ രംഗത്തുവരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങളേയും അക്രമിക്കുകയാണ് ഇസ്രേയൽ. സമാധാന ആവശ്യത്തിനാണ് അണവോർജ്ജം വികസിപ്പിക്കുന്നത് എന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്താരാഷ്ട്ര പരിശോധനകളിലും ഇക്കാര്യങ്ങൾ പുറത്തുവന്നിട്ടുള്ളതാണ്. ഇറാഖിനെ തകർക്കാൻ രാസായുധങ്ങൾ നിർമിക്കുന്നുവെന്ന ആരോപണമുന്നിയിച്ചാണ് അമേരിക്ക അവിടെ കടന്നുകയറിയത്. അവസാനം അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇറാനിലില്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ALSO READ: നിലമ്പൂരിൽ യുഡിഎഫിന്‍റെ സ്ഥിരം നാടകങ്ങളെല്ലാം പൊളിഞ്ഞു: എ വിജയരാഘവൻ
പലസ്തീൻ ജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ കാറ്റിൽപ്പറത്തിയാണ് അക്രമങ്ങളുടെ പരമ്പര ഇപ്പോഴും തുടരുന്നത്. ആശുപത്രികളെയും മറ്റും അക്രമിച്ചുവെന്ന് മാത്രമല്ല, ഭക്ഷണവും മരുന്നുമെല്ലാം നിഷേധിച്ചുകൊണ്ട് ജനങ്ങളെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കുന്ന രീതി തുടരുകയാണ്. എന്നും പലസ്തീൻ ജനതയ്ക്കൊപ്പം അണിനിരന്ന ഇന്ത്യ ഇപ്പോൾ അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിന്നുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകുന്ന സ്ഥിതിയാണുള്ളത്. ഈ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളെ മതപരമായ സംഘർഷങ്ങളാക്കി ചുരുക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ആയുധ വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ കൊന്നൊടുക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകാനാവണം. ലോക്കൽ ഏരിയാ കേന്ദ്രങ്ങളിലാണ് സാമ്രാജ്യത്വവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കേണ്ടത്. പ്രസ്തുത പരിപാടികളിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here