
വടക്കൻ ഗാസയെ വീണ്ടും രക്തക്കളമാക്കി ഇസ്രയേൽ. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ബെയ്ത് ലാഹിയയിലെ അൽ-ഖസ്സാം പള്ളിക്ക് സമീപമായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും.
ഒക്ടോബറിൽ മാത്രം ഇസ്രയേൽ ഹമാസുമായുള്ള “വെടിനിർത്തൽ കരാർ” 2,400 തവണ ലംഘിച്ചതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇക്കാലയളവിൽ നിരവധിയായ ആക്രമണങ്ങളും അറസ്റ്റുകളും ഉപരോധങ്ങളും കൂടാതെ ഗാസ നിവാസികളെ നിർബന്ധിതമായി പട്ടിണിയിലാക്കാനും ഇസ്രയേൽ ശ്രമിച്ചു. സെപ്റ്റംബറിൽ നടന്ന സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് പ്രകാരം, ഗാസയിൽ രണ്ട് വർഷത്തെ വംശഹത്യയിൽ ഇസ്രയേൽ സൈന്യം 20,000-ത്തിലധികം കുട്ടികളെ കൊലപ്പെടുത്തി. അതായത്, ഓരോ മണിക്കൂറിലും ശരാശരി ഒരു കുട്ടിയെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നും, അതിൽ 1,000-ത്തിലധികം പേർ ഒരു വയസിന് താഴെയുള്ളവരാണെന്നും ചാരിറ്റി പറഞ്ഞു.
2023 നവംബറോടെ, സ്ഥിതിഗതികളെ വിലയിരുത്തിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഗാസയെ “കുട്ടികൾക്കുള്ള ശവക്കുഴി” എന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

