
ലെബനനിലുടനീളം ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേൽ. ലെബനനിലെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്തായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തെക്കൻ ലെബനനിലെ അൽ-ഷഹാബിയയിൽ ഇന്നലെ രാത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ ബാൽബെക്ക് ജില്ലയിലെ തമ്നിൻ അൽ-തഹ്തയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ഏഴ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 18 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ബിന്റ് ജ്ബെയിലിലെ സാഫ് അൽ-ഹവ പ്രദേശത്ത് ഒരു എസ്‌യുവിക്ക് നേരെ ഇസ്രയേലി ഡ്രോൺ ആക്രമണം ഉണ്ടായി. മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ALSO READ: ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? വാർത്തകള്‍ക്ക് പിന്നിലെ വസ്തുതയെന്ത്…
തെക്കൻ ലെബനനിലെ നബതിഹിൽ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബെക്കയിലെ സ്ലായയിൽ ഒരാൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. മറ്റ് ഇസ്രയേലി ഡ്രോൺ ആക്രമണങ്ങളിൽ ബിന്റ് ജ്ബെയിൽ ജില്ലയിലെ ബരാച്ചിറ്റിലും രണ്ട് സിറിയക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. കിഴക്കൻ ലെബനനിലെ ബെക്ക താഴ്‌വരയിലെ അലി അൽ-നഹ്‌രിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

