മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാജന്‍ പി ദേവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം

വില്ലനായി വന്ന് പിന്നീട് മലയാളികളെ കുടുകുടെ ചിരിപ്പിച്ച് വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്ത രാജന്‍ പി ദേവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രധാന വില്ലൻ റോളുകളിൽ നിറഞ്ഞ താരം പിന്നീട് ഹാസ്യതാരമായി വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് വില്ലന്‍ വേഷങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വില്ലന്‍ കഥാപാത്രങ്ങളില്‍ പോലും ഹാസ്യം കലര്‍ത്തിയാണ് രാജന്‍ പി ദേവ് പ്രേക്ഷക മനസുകളെ കീഴടക്കിയത്. നൂറുകണക്കിന് വില്ലന്‍ വേഷങ്ങളാണ് രാജന്‍ പി ദേവ് കൈകാര്യം ചെയ്തിട്ടുള്ളത്.

also read :സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കത്തെ കേരളം വകവെക്കില്ല; ഡിവൈഎഫ്ഐ

150 ഓളം സിനിമകളിലാണ് രാജൻ പി ദേവ് അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1983ല്‍ പുറത്തിറങ്ങിയ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’ ആയിരുന്നു. വില്ലന്‍ വേഷങ്ങൾ മാത്രമല്ല ഹാസ്യവും തനിയ്ക്ക് വഴങ്ങുമെന്ന് പിന്നീട് അദ്ദേഹം പല ചിത്രങ്ങളിലൂടെ തെളിയിക്കുകയായിരുന്നു . ജൂനിയര്‍ മാന്‍ഡ്രേക്ക്, സ്ഫടികം, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ എന്നിവ അതിൽ ചിലതു മാത്രമാണ്. നടൻ എന്നതിൽ അപ്പുറം സംവിധാന രംഗത്തും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അജ്മല്‍ സംവിധാനം ചെയ്ത റിംഗ് ടോണ്‍ ആണ് രാജന്‍ പി ദേവിന്റെ അവസാന ചിത്രം.

നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തുകയും പിന്നീട് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കുകയും ചെയ്ത രാജന്‍ പി ദേവ് 2009 ജൂലൈ 29നാണ് വിടവാങ്ങിയത്.14 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജന്‍ പി ദേവ് എന്ന അവിസ്മരണീയ കലാകാരൻ ഇന്നും ഒളിമങ്ങാത്ത കഥാപാത്രങ്ങളായി പ്രേക്ഷക മനസില്‍ അതേപടി നിലനില്‍ക്കുന്നു.

also read :‘റിയൽ ലൈഫിൽ ഞാനൊരു കോഴി’, പക്ഷെ ഞാനാരെയും തേച്ചിട്ടില്ല: ബന്ധങ്ങൾ നിലർത്താൻ അറിയില്ലെന്ന് ഷൈൻ ടോം ചാക്കോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News