എന്റെ കേരളം മേളയില്‍ കൗതുകവും വിജ്ഞാനവും ഉണര്‍ത്തി ഐടി മിഷന്‍ സ്റ്റാള്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൗതുകവും വിജ്ഞാനവും ഉണര്‍ത്തി ഐടി മിഷന്‍ സേവന സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം മേളയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനൊപ്പം ഇവിടെ വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങളും നല്‍കുന്നു. ഓരോ ദിവസവും സ്ഥിരം മത്സരങ്ങള്‍ക്ക് പുറമേ പുതിയ ഇനങ്ങളും ഉണ്ടാകും. കുട്ടികളും മുതിര്‍ന്നവരും ഒപ്പത്തിനൊപ്പം ഇവിടുത്തെ മത്സരനിരയിലുണ്ട്.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒന്‍പതു വയസുള്ള മകന്‍ ആന്റണി സെബാസ്റ്റ്യനെ വീല്‍ചെയറില്‍ ഇരുത്തി അമ്മ പത്തനംതിട്ട പുത്തന്‍ പുരയ്ക്കല്‍ നീതു ജോസഫ് ഐടി മിഷന്‍ സ്റ്റാളില്‍ എത്തിയത് യാദൃച്ഛികമായിട്ടാണ്. മകന്റെ മനസിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ‘ബൗണ്‍സ് എ ബോള്‍ ഇന്‍ ദ ബാസ്‌ക്കറ്റ്’ മത്സരത്തിനു സജ്ജമാക്കിരുന്ന ബോള്‍ നീതു മകന്റെ കൈയില്‍ കൊടുത്തു. ഭൂരിപക്ഷം കുട്ടികളും, മുതിര്‍ന്നവരും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മത്സരിച്ചു പരാജയപ്പെടുന്ന അവസരത്തില്‍ ആന്റണി സെബാസ്റ്റ്യന് ഉന്നം പിഴച്ചില്ല. ഒരാള്‍ക്ക് മൂന്ന് ചാന്‍സ് ഉണ്ടെങ്കിലും ആന്റണി സെബാസ്റ്റ്യന്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയം ഉറപ്പിച്ചു.

സ്പിന്‍ ചെയ്യുമ്പോള്‍ സ്പിന്നര്‍ ഡിസ്‌പ്ലേയില്‍ തെളിയുന്ന ഓര്‍മ പരീക്ഷിക്കുന്ന മത്സരത്തിലും ഐടി ക്വിസിലും പങ്കെടുക്കുന്നതിനും തിരക്കേറിയിട്ടുണ്ട്. പേപ്പര്‍ ഗ്ലാസ് ഉപയോഗിച്ച് പിരമിഡ് നിര്‍മാണ മത്സരം ഉള്‍പ്പെടെ വൈവിധ്യം നിറഞ്ഞ നിരവധി ഇനങ്ങളില്‍ ഇവിടെയെത്തിയാല്‍ പങ്കെടുക്കാം. ദിവസേന നല്‍കുന്ന തല്‍സമയ സമ്മാനങ്ങള്‍ക്ക് പുറമെ അവസാന ദിവസത്തെ ബംബര്‍ സമ്മാന വിജയിയെ കണ്ടെത്തുന്നതിനുള്ള കൂപ്പണും വിതരണം ചെയ്യുന്നുണ്ട്. ലാപ്‌ടോപിന്റെ ഉള്‍വശം എങ്ങനെയിരിക്കുമെന്നും അതിന്റെ പ്രവര്‍ത്തനം നേരിട്ട് അറിയുന്നതിനും ഇവിടെ സംവിധാനമുണ്ട്.

പൗരന്മാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെട്ടവരുടെ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചു നല്‍കും. റവന്യു സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരിഹരിച്ചു നല്‍കുന്നത്. കൂടാതെ ആധാര്‍-മൊബൈല്‍ ലിങ്കിംഗ്, പുതിയ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേഷന്‍, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും സ്റ്റാളിലൂടെ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News