‘ആരോഗ്യ മന്ത്രിക്ക് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് അനൗചിത്യം’; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം അനൗചിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

ആരോഗ്യമന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര നടപടിയുടെ ഔചിത്യവും അനൗചിത്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. നാട് ആഗ്രഹിച്ചതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. മന്ത്രിസഭ യോഗമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈറ്റിലേക്ക് വിടാനും തീരുമാനിച്ചു. എന്നാല്‍ മന്ത്രി വീണ ജോര്‍ജിന് എയര്‍പോര്‍ട്ടിന് അപ്പുറത്തേക്ക് പോകാനായില്ല. മന്ത്രിമാര്‍ പോകുന്നതിന് ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. പോകുന്നതിനു മുമ്പ് ക്ലിയറന്‍സ് ലഭിക്കില്ല എന്നാണ് കേന്ദ്രത്തില്‍ നിന്ന് മറുപടി കിട്ടിയത്. മരണവീട്ടില്‍ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. പരിക്കേറ്റ് കിടക്കുന്നവരെ കാണുക, എന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് മന്ത്രിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മറ്റുകാര്യങ്ങളിലേക്ക് താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തില്‍ മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് എംഎ യൂസഫലിയും രവി പിള്ളയും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ലോക കേരള സഭയുടെ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കുവൈറ്റ് ദുരന്തം; മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വി വാസവൻ

കുവൈറ്റ് നല്ല രീതിയിലാണ് അപകടത്തിന് ശേഷം ഇടപെട്ടത്. സുരക്ഷയെ കുറിച്ചും കുറ്റക്കാര്‍ ആരാണെന്നതിനെ സംബന്ധിച്ചും തുടര്‍ പരിശോധനയും കുവൈറ്റ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കുവൈറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ വേര്‍പാടില്‍ ലോക കേരളസഭ അനുശോചന രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News