
ജാദവ്പൂരിലെ തെരുവു കച്ചവടക്കാർ ഭയന്നിരിക്കുകയായിരുന്നു. രാത്രിയുടെ മറവിൽ അവരുടെ ഉപജീവനമാർഗങ്ങളെ ഞെരിച്ചമർത്തി ബുൾഡോസറുകൾ പായുന്നത് ഭയമായി അവരുടെ ഉള്ളിൽ വിറങ്ങലിച്ചു കിടന്നിരുന്നു. നിസഹായരായ അരികുവത്കരിക്കപ്പെട്ട ആ മനുഷ്യർ ഉപജീവന മാർഗം നഷ്ടപ്പെടുന്നത് കണ്ണീരോടെ നോക്കിനിൽക്കേണ്ടി വരുമെന്ന് കരുതി. അവിടേക്ക് ചെങ്കൊടികളുമായി എത്തിയ ഒരു കൂട്ടം മനുഷ്യരാണ് അവർക്ക് പ്രതീക്ഷയും പ്രതിരോധവുമേകിയത്.
നൂറുകണക്കിന് കച്ചവടക്കാരാണ് ജാദവ്പൂർ റെയിൽവേസ്റ്റേഷനിലും പരിസരത്തുമായിട്ടുള്ളത്. തെക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഗതാഗത കേന്ദ്രമായ ജാദവ്പൂരിലെ ഈ ചെറുകച്ചവട കേന്ദ്രങ്ങളാണ് നൂറുകണക്കിന് കച്ചവടക്കാരുടെ ഏകഉപജീവന മാർഗം. ബുൾഡോസറുകൾ തങ്ങളെയും തേടിയെത്തുമെന്ന് ഭയപ്പെട്ടിരുന്ന ജാദവ്പൂരിലെ കച്ചവടക്കാർക്ക് മുമ്പിൽ ബിജെപി എംഎൽഎയായ ഷർബോരി മുഖർജി, എത്തിയിരുന്നു. കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന് റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചതായി പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തു.
ചൊവ്വാഴ്ച മറ്റൊരു നോട്ടീസ് കച്ചവടക്കാരെ തേടിയെത്തി. ജാദവ്പൂർ സ്റ്റേഷനിലും പരിസരത്തും പ്രവർത്തിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്. കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് നോട്ടീസിൽ ഒരു അറിയിപ്പുമുണ്ടായിരുന്നില്ല. പുനരധിവാസമോ നഷ്ടപരിഹാരമോ ഇല്ലാതെ പെട്ടെന്ന് കുടിയൊഴിപ്പിക്കപ്പെടാനുള്ള സാധ്യത അവിടുത്തെ സാധാരണ മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തി.
ഇടതുപക്ഷ പ്രതിരോധം
ചൊവ്വാഴ്ച രാത്രി, ബുൾഡോസറുകൾ ജാദവ്പൂർ സ്റ്റേഷന്റെ പരിസരത്ത് എത്തിയപ്പോൾ, അവിടെ എവിടെയും ബിജെപിയുടെയോ തൃണമൂൽ കോൺഗ്രസിന്റെയോ പ്രതിനിധികളെ കാണാനെ ഉണ്ടായിരുന്നില്ല. പക്ഷെ വിവരമറിഞ്ഞപ്പോൾ തന്നെ ഇടതുപക്ഷ പ്രവർത്തകർ ജാദവ്പൂർ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. ചെങ്കൊടികൾ ഉയർത്തിപ്പിടിച്ച് സ്റ്റേഷൻ പരിസരത്ത് പ്രകടനം നടന്നു കുടിയൊഴിപ്പിക്കൽ ഉടൻ നിർത്തണമെന്നും കുടിയിറക്കൽ പരിഗണിക്കുന്നതിനുമുമ്പ് കച്ചവടക്കാർക്ക് ശരിയായ പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യങ്ങൾ മുഴങ്ങി.

മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടുള്ള റാലി മാത്രമായിരുന്നില്ല സ്റ്റേഷൻ പരിസരത്ത് നടന്നത്. ബുൾഡോസറുകളെ സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിക്കാനുള്ള ശ്രമത്തെയും സംഘടിതമായും ദൃഢനിശ്ചയത്തോടെയും എതിർത്തു.
ഏതു നിമിഷവും തകർത്തെറിയപ്പെടുമെന്ന ഉത്കണ്ഠയോടെ ജീവിച്ചിരുന്ന വഴിയോരക്കച്ചവടക്കാർ അവരുടെ സ്റ്റാളുകളിൽ നിന്നിറങ്ങി ഇടതുപക്ഷ പ്രവർത്തകരോടൊപ്പം തങ്ങളുടെ അവകാശത്തിനായി ശക്തമായി ശബ്ദമുയർത്തി.
ഇരുട്ടിവെളുക്കുമ്പോൾ തെരുവിലെറിയപ്പെടുന്നവർ
പശ്ചിമ ബംഗാളിലുടനീളം റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുടിയൊഴിപ്പിക്കലിന്റെ തുടർച്ചയാണ് ജാദവ്പൂരിലും അരങ്ങേറിയ സംഭവങ്ങൾ. മുന്നറിയിപ്പില്ലാതെ നടപടിക്രമങ്ങളോന്നും പാലിക്കാതെ ദം ദം സ്റ്റേഷനിൽ ഇരുട്ടിന്റെ മറവിൽ കച്ചവടസ്ഥാപനങ്ങളെല്ലാം തകർത്തെറിയപ്പെട്ടിരുന്നു. ഒരൊറ്റ രാത്രികൊണ്ട് അന്ന് നിരവധി കുടുംബങ്ങൾക്കാണ് ഉപജീവനമാർഗങ്ങളെല്ലാം നഷ്ടമായത്.
പ്രതിഷേധമെന്ന പ്രതിരോധം
ദം ദമ്മിൽ സംഭവിച്ചതുപോലെ തന്നെ രാത്രിയായപ്പോഴേക്കും ജാദവ്പൂർ സ്റ്റേഷനിലേക്കും ഒരു ബുൾഡോസർ എത്തുകയുണ്ടായി. പക്ഷെ അതിനുമുന്നിൽ പ്രതിഷേധക്കാരുടെ മനുഷ്യമതിൽ പ്രതിരോധമായി നിന്നു. ദൃഢനിശ്ചയത്തോടെ അവിടെക്കൂടിയ ജനക്കൂട്ടത്തിന് മുന്നിൽ അധികാരകൈകൾക്ക് മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധത്തിന്റെ മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല അർദ്ധരാത്രി കഴിഞ്ഞപ്പോൾ, റെയിൽവേ അധികൃതരും പൊലീസും തൽക്കാലത്തേക്ക് പിന്മാറാൻ തീരുമാനിച്ചു. ബുൾഡോസറും പിൻവാങ്ങി.
Also Read: ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി സിപിഐഎം; തകർന്നടിഞ്ഞ് കോൺഗ്രസ്
ബുൾഡോസറും അധികാരികളും പിന്മാറിയെങ്കിലും സ്റ്റേഷനിൽ ഇടതുപക്ഷപ്രവർത്തകരുടെ കാവൽ തുടർന്നു. ഒരു രാത്രിയിലെ വിജയം പരിഹാരമല്ലെന്ന് അവർക്കറിയാം. അധികാരത്തിന്റെ ഘനംപേറി, പാവങ്ങളുടെ കുടിലുകളും കടകളും തകർക്കാൻ ഇനിയും ബുൾഡോസർ വരുമെന്നും അവർക്കറിയാം. എന്നാൽ ജനകീയ പ്രതിരോധത്തിലൂടെ അധികാരത്തിന്റെ ധാർഷ്ട്യമായ ബുൾഡോസർ കൈകളെ പ്രതിരോധിക്കാമെന്ന് ജാദവ്പൂരിൽ ഇടതുപക്ഷ സംഘടനകൾ തെളിയിച്ചു. സിപിഐ എം നേതൃത്വം നൽകിയ പ്രതിഷധത്തിൽ സിപിഐ എംഎൽ പ്രവർത്തകരും സജീവമായി പങ്കാളികളായിരുന്നു.
തെക്കൻ കൊൽക്കത്തയിലെ ഒരു സംഘം കച്ചവടക്കാർക്ക് അടുത്ത പുലരിയിലും തങ്ങളുടെ ചെറുകടകൾ തുറക്കാൻ സാധിച്ചു. കാരണം ചെങ്കടികൾ ഉയർന്നപ്പോൾ, ബുൾഡോസറുകൾ പിൻവാങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

