ആലുവയിൽ ജയിൽ വാർഡന് നേരെ മയക്കുമരുന്ന് കേസ് പ്രതികളുടെ ആക്രമണം. ആലുവ സബ് ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് പ്രതികൾ അടിച്ചു തകർത്തു. പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ ചില്ലുകൊണ്ട് ജയിൽവാർഡൻ സരിന്റെ കൈക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. എംഡിഎംഎ കേസിൽ പ്രതികളായ അഫ്സൽ പരിത്, ചാൾസ് ഡെന്നിസ്, മുഹമ്മദ് അൻസാർ, മുനീസ് മുസ്തഫ എന്നിവരാണ് ആക്രമണം നടത്തിയത്.
ജയിലിൽ അച്ചടക്കം പാലിക്കാത്തതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ജയിൽ ഉദ്യോഗസ്ഥർക്കു നേരെ പ്രതികൾ വധഭീഷണിയും മുഴക്കി. ജയിൽ വാർഡൻ നൽകിയ പരാതിയിൽ ആലുവ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2022 ൽ അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്നു കേസിലെ പ്രതികളാണ് മൂന്നു പേരും.
അതേസമയം, തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മണ്ണുത്തി സ്വദേശി റീഗൺ, ചേർപ്പ് സ്വദേശി നിഷാദ് എന്നിവരാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്ന് എത്തിച്ച് വിതരണക്കാർക്ക് നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിന്റെ വലയിലായത്. പിടിയിലായ രണ്ടു പേരും ക്യാരിയർമാരാണ്. മയക്കുമരുന്ന് എത്തിക്കാനായി പണം നൽകി ഏൽപ്പിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ തന്നെ അറസ്റ്റിലാകുമെന്നും സ്പെഷ്യൽ സ്ക്വാഡ് സിഐ വിടി റോയ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

