‘മോദിയോടുള്ള വിധേയത്വം കാണിക്കാന്‍ ഓരോ ദിവസവും തരംതാഴുന്നു’; ഗുലാംനബി ആസാദിനെതിരെ ജയ്‌റാം രമേശ്

ഗുലാംനബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഓരോ ദിവസം കഴിയും തോറും ഗുലാംനബി ആസാദ് തനിനിറം പ്രകടിപ്പിക്കുന്നുവെന്ന് ജയ്‌റാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിധേയത്വം കാണിക്കാന്‍ ഗുലാം നബി ആസാദ് ഓരോ ദിവസവും തരംതാഴുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ അനാവശ്യമായി ലക്ഷ്യമിടുന്നത് ശ്രദ്ധ കിട്ടാനുള്ള പരിതാപകരമായ ശ്രമമാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജയ്‌റാം രമേശിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ഗുലാംനബി ആസാദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്നോട് മോദി വളരെ അനുഭാവപൂര്‍വമാണ് പെരുമാറുന്നതെന്നായിരുന്നു ഗുലാംനബി ആസാദ് പറഞ്ഞത്. പ്രധാനമന്ത്രി വിളിച്ച അത്താഴവിരുന്നുകളിലൊന്നും താന്‍ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ താന്‍ അവര്‍ക്കെതിരെ എഴുപത് പ്രസംഗം നടത്തി. എന്നാല്‍ അവയെല്ലാം അവഗണിച്ച് മോദി തന്നോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

പ്രധാനമന്ത്രിയെ പുകഴ്ത്തിയ ഗുലാംനബി ആസാദ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ചു. അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസിന് ഭരണം ലഭിക്കില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ താന്‍ ശ്രമം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അതിന് തടയിടാനാണ് ശ്രമിച്ചത്. രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാര്‍ട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ആസാദ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ജയ്‌റാം രമേശ് രംഗത്തെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here