ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതികളെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതിമാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തലസ്ഥാനനഗരിയായ മനിലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 19 വർഷം മുമ്പ് രാജ്യത്ത് സ്ഥിരതാമസമാക്കിയ സുഖ് വീന്ദര്‍ മനിലയിൽ ഫിനാൻസ് ബിസിനസ് നടത്തുകയായിരുന്നു.

മൂന്ന് വർഷം മുമ്പാണ് കിരണ്‍ദീപ് കൗറിനെ വിവാഹം കഴിച്ചത്. കിരൺദീപ് അഞ്ച് മാസം മുമ്പാണ് മനിലയിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരേ വീട്ടിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ വീടിനകത്ത് കയറി കിരണ്‍ദീപിനെയും ഇയാള്‍ വെടിവെച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുഖ് വീന്ദറിന്റെ സഹോദരന്‍ ലഖ് വീര്‍ സിങും മനിലയിലാണ് താമസം. എന്നാല്‍ ഏതാനുംദിവസം മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഇദ്ദേഹം പഞ്ചാബിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ഏറെനേരം വിളിച്ചിട്ടും സുഖ് വീന്ദറിനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇതോടെ മനിലയിലുള്ള ബന്ധുവിനോട് വീട്ടില്‍ പോയി അന്വേഷിക്കാന്‍ ലഖ് വീര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധു വീട്ടിലെത്തിയതോടെ ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.

കുടുംബവുമായി മനിലയില്‍ ആര്‍ക്കും ശത്രുതയില്ലെന്നാണ് ലഖ് വീര്‍ സിങ്ങിന്റെ പ്രതികരണം. സംഭവത്തില്‍ ഇന്ത്യ ഇടപെടണമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here