
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്നേക്ക് 106 വയസ്. ധീര ദേശാഭിമാനികളുടെ രക്തം വീണ് കുതിര്‍ന്ന ജാലിയന്‍ വാലാബാഗിനെ ഓര്‍ക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലേക്ക് തിരിഞ്ഞുനോക്കുക അസാധ്യമാണ്.
1919 ഏപ്രില്‍ 13. മലയാളികളുടെ വിഷുവിന് തുല്യമായ വൈശാഖി ഉത്സവദിവസം. പഞ്ചാബിലെ അമൃത്സര്‍ ചൊരപ്പുഴയായി ഒഴുകുകയായിരുന്നു അന്ന്. സമീപകാല ഇന്ത്യൻ ചരിത്രം പിന്നീട് അതുപൊലൊരു കൊടുംക്രൂരതയ്ക്കും കൂട്ടക്കുരുതിക്കും സാക്ഷിയായിട്ടില്ല. ഒരൊറ്റ പ്രവേശന കവാടം മാത്രമുള്ള മൈതാനത്തില്‍ റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരില്‍ ആയിരത്തോളം പേരാണ് അന്ന് യന്ത്രത്തോക്കുകള്‍ക്കു മുന്നില്‍ പിടഞ്ഞുവീണുമരിച്ചത്.
Read Also: മനുഷ്യസ്നേഹ രാഷ്ട്രീയത്തിന്‍റെ മറുപേര്: ഇ കെ ഇമ്പിച്ചിബാവ വിടപറഞ്ഞിട്ട് 31 വര്‍ഷം
നൂറുവര്‍ഷത്തിനിപ്പുറം ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറഞ്ഞെങ്കിലും ചരിത്രത്തില്‍ ഇപ്പോഴും മുഴങ്ങുന്ന ആ കൂട്ടനിലവിളിയെ ഒരു മാപ്പുകൊണ്ടും മായ്ക്കാനാവില്ല. കൂട്ടക്കൊല പുറത്തറിയാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ പഠിച്ച പണി പലതും പയറ്റിയെങ്കിലും പ്രതിഷേധത്തീയില്‍ ആളിക്കത്തുകയായിരുന്നു ഇന്ത്യ. മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ തനിക്ക് ലഭിച്ച ‘നൈറ്റ്ഹുഡ്’ പദവി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ജാലിയന്‍ വാലാബാഗ് സംഭവത്തില്‍ ഹൃദയം തകര്‍ന്ന ദേശാഭിമാനികളില്‍ ഒരാളായ ഉദ്ധംസിങിന്റെ പ്രതിജ്ഞയാണ് പിന്നീട് ആ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ ജനറല്‍ ഡയറിന്റെ ജീവനെടുത്തത്. 1940 മാര്‍ച്ച് 13ന് ലണ്ടനിലെ ഒരു സമ്മേളനത്തിലേക്ക് ഒളിച്ചുകടന്നാണ് സര്‍ദാര്‍ ഉദ്ധംസിങ് മൈക്കല്‍ ഡയറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. ഓടി രക്ഷപ്പെടാമായിരുന്നിട്ടും ആ ധീരന്‍ പൊലീസിന് കീഴടങ്ങി. തൂക്കുകയര്‍ സ്വയം ഏറ്റുവാങ്ങി.
ജാലിയന്‍ വാലാബാഗ് സംഭവം നടന്ന് നൂറ്റാണ്ട് കഴിയുമ്പോള്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് കാണുന്നത്. അമേരിക്കയിലെ ഇന്ത്യക്കാരായ കുടിയേറ്റ ജനതയെ കൊടും കുറ്റവാളികളെ പോലെ അടിമച്ചങ്ങലയണിച്ച് കൊണ്ടിറക്കിയത് ഉദ്ധംസിംഗിന്റെയും ജാലിന്‍വാലബാഗിന്റെയും അമൃത്സറിലാണ്. നവസാമ്രാജ്വത്തിനെതിരെയും നവഫാസിസത്തിനെതിരെയുമുള്ള പുതിയ പ്രതിഷേധ നിരയ്ക്കുള്ള ആഹ്വാനമാകണം ഈ ജാലിയന്‍ വാലാബാഗ് ഓര്‍മ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

